അമ്പലപ്പുഴ: ഇളയ കുട്ടിയെ അമ്മ സ്കൂളിൽ കൊണ്ടുപോയ സമയത്ത് വീട്ടിൽ നിന്ന് 11 വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. യുവാവിന്റെ തന്ത്രത്തെ കുട്ടി ബുദ്ധിപരമായി നേരിട്ടപ്പോൾ ഇയാൾ രക്ഷപ്പെടുകയായിരുന്നു.
 കാക്കാഴം വെള്ളം തെങ്ങിൽ ശരത്-രാസ്മിൻ ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയോട് അമ്മയ്ക്കും അനുജത്തിക്കും വാഹനാപകടം ഉണ്ടായെന്നും താൻ അച്ഛന്റെ സുഹൃത്താണെന്നും വേഗം തന്നോടൊപ്പം വരണമെന്നും യുവാവ് പറഞ്ഞു. എന്നാൽ, വീടിന്റെ വാതിൽ തുറക്കാതെ, പിതാവ് പൊലീസിലാണെന്നും ഫോണിൽ വിളിക്കാനും കുട്ടി പറഞ്ഞതോടെ യുവാവ് കടന്നുകളയുകയായിരുന്നു. പിന്നീട് അമ്മ തിരികെയെത്തിയ ശേഷം പൊലീസിൽ പരാതി നൽകി. അമ്പലപ്പുഴ കെ. എസ്.ഇ.ബി ജീവനക്കാരനാണ് ശരത്ത്. അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.