 
പൂച്ചാക്കൽ: തേവർവട്ടം സ്കൂളിന് സമീപം മയക്കുമരുന്ന് വില്പനയെന്ന വിവരത്തെത്തുടർന്ന് പൂച്ചാക്കൽ പൊലീസ് നടത്തിയ പരിശോധനയിൽ 0.670 ഗ്രാം എം.ഡി.എം.എയും 13 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. പാണാവള്ളി പഞ്ചായത്ത് പതിനാലാം വാർഡ് വെട്ടത്തിൽ വീട്ടിൽ ജാക്സൺ (24), തൈക്കാട്ടുശേരി പഞ്ചായത്ത് മൂന്നാം വാർഡ് പരുത്തിക്കാട്ട് അമ്പാടിയിൽ അമ്പാടി (26) എന്നിവരെയാണ് സ്കൂളിന് സമീപത്തു നിന്നു പിടികൂടിയത്.
ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വാഹനപരിശോധന ശക്തമാക്കിയിരുന്നു. സ്കൂളിന് സമീപത്തേക്ക് ആഡംബര ബൈക്കിൽ എത്തിയ പ്രതികളെ തടഞ്ഞു നിറുത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എറണാകുളത്ത് നിന്നാണ് പ്രതികൾ മയക്കുമരുന്ന് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. അമ്പാടി അരൂർ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതിയാണ്. ജാക്സൺ പൂച്ചാക്കൽ സ്റ്റേഷൻ പരിധിയിൽ വീട് കയറി ആക്രമണം നടത്തിയ കേസിൽ പ്രതിയാണ്. പൂച്ചാക്കൽ സർക്കിൾ ഇൻസ്പെക്ടർ അജയമോഹൻ, എസ്.ഐ കെ.ജെ. ജേക്കബ്, സി.പി.ഒമാരായ ജിനീഷ്, ടെൽസൺ, അഖിൽ, ഡിവൈ.എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡിലെ അംഗങ്ങളായ അനീഷ്, പ്രവീഷ്, അരുൺകുമാർ, നിധിൻ, ബൈജു, ഗിരീഷ്, ശ്രീക്കുട്ടൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.