ആലപ്പുഴ: തീരദേശ ഹൈവേയുടെ വികസനത്തിന് സർക്കാർ വക സ്ഥലം ഒഴിവാക്കി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കും. തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ റോഡിൽ തോട്ടപ്പള്ളി ജംഗ്ഷൻ മുതൽ പൊഴിമുഖം വരെയുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുക്കുന്നതിലാണ് വിവാദം.
റോഡിന്റെ വീതി നിലവിലെ ആറ് മീറ്ററിൽ നിന്ന് 14 മീറ്ററായി വർദ്ധിപ്പിക്കാനാണ് പദ്ധതി. തോട്ടപ്പള്ളി ജംഗ്ഷൻ മുതൽ പൊഴിമുഖം വരെ നിലവിലെ റോഡിന്റെ വടക്ക് ഭാഗത്ത് സ്പിൽവേ ചാനലിന് സമാന്തരമായി 7മീറ്റർ വീതിയിൽ ഇറിഗേഷൻ വകുപ്പിന്റെ പുറമ്പോക്ക് സ്ഥലമുണ്ട്. റോഡ് വികസനത്തിനായി അധികമായി ഏറ്റെടുക്കേണ്ടത് 8 മീറ്ററാണ്. ഇത്രയും സ്ഥലം റോഡിന്റെ ഒരുഭാഗത്തെ സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കാനാണ് ഇപ്പോൾ ഉദ്യോഗസ്ഥരുടെ തീരുമാനം.
സർക്കാർ പുറമ്പോക്ക് നിലവിലുള്ളപ്പോൾ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി തോട്ടപ്പള്ളി ജംഗ്ഷനിലെ കടകൾ പൂർണ്ണമായും എൻ.എച്ച്.ഐ ഏറ്റെടുത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന വാണിജ്യ സ്ഥാനങ്ങൾ പൊളിച്ചു നീക്കി തുടങ്ങി. ഇപ്പോഴത്തെ പദ്ധതി അനുസരിച്ച് ജംഗ്ഷനിൽ തോട്ടപ്പള്ളി- തൃക്കുന്നപ്പുഴ റോഡിലെ കടകളും തീരദേശ ഹൈവേയുടെ വികസനത്തിന്റെ ഭാഗമായി ഇല്ലാതാകും. എട്ട് മീറ്റർ സ്ഥലം നിലവിലെ റോഡിന് തെക്ക് ഭാഗത്ത് പൂർണ്ണമായും എടുക്കുന്നതിലൂടെ സർക്കാരിന് നഷ്ടമാകുന്നത് 20കോടി രൂപയാണ്. മൂന്ന് മീറ്റർ പുറമ്പോക്ക് കൂടി എടുത്താൽ സർക്കാരിന് കോടികളുടെ നഷ്ടം ഒഴിവാക്കാനാകും.
"മൂന്ന് മീറ്റർ സർക്കാർ പുറമ്പോക്ക് കൂടി ഏറ്റെടുത്താൽ തോട്ടപ്പള്ളിയിലെ വ്യാപാരസ്ഥാപനങ്ങളെ സംരക്ഷിക്കാനാകും. ഇതിലൂടെ 25കുടുംബങ്ങളുടെ ജീവിതമാർഗം സംരക്ഷിക്കാൻ കഴിയും
- വ്യാപാരികൾ