bandipoo-vilavetupp
ബുധനൂർ ഗ്രാമപഞ്ചായത്തിലെ ബന്തിപ്പൂ കൃഷി വിളവെടുപ്പ് മഹോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പുഷ്പലത മധു നിർവഹിക്കുന്നു

മാന്നാർ: ഗ്രാമഭംഗിക്ക് കൂടുതൽ മിഴിവേകി ബുധനൂരിൽ ബന്തിച്ചെടികൾ പൂത്തുലഞ്ഞു. മഞ്ഞ, കടുംമഞ്ഞ നിറങ്ങളിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കാഴ്ച കാണാൻ നിരവധി പേരാണ് ഇവിടത്തെ പൂന്തോട്ടങ്ങളിലേക്ക് എത്തുന്നത്.

തമിഴ്നാട്ടിൽ നിന്നെത്തുന്ന പൂക്കളുടെ സ്ഥാനത്ത് സ്വന്തം ഗ്രാമത്തിൽ വിരിഞ്ഞ പൂക്കളാൽ ഇത്തവണ ഓണപ്പൂക്കളമൊരുക്കാമെന്ന ആവേശത്തിലാണ് നാട്ടുകാർ. പൂത്തുലഞ്ഞ കൃഷിയിടങ്ങളിലെ ബന്തിപ്പൂവ് വിളവെടുപ്പിനും കഴിഞ്ഞ ദിവസം തുടക്കമായി.

ബുധനൂർ 13-ാം വാർഡിൽ തൃപ്തി കുടുംബശ്രീയുടെ നേതൃത്തിൽ നടന്ന പൂക്കൃഷിയുടെ വിളവെടുപ്പ് മഹോത്സവം പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു നിർവഹിച്ചു. അഡ്വ. ജി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 14-ാം വാർഡിലും ബന്തിപ്പൂക്കൾ വിളവെടുപ്പിന് തയ്യാറായി നിൽക്കുകയാണ്. പഞ്ചായത്തിലെ സ്ത്രീകളുടെ വരുമാന വർദ്ധന ലക്ഷ്യമിട്ട് ബുധനൂർ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയാണ് ബന്തിപ്പൂവ് കൃഷി. ചെറിയ കാലയളവിനുള്ളിൽ ലാഭം ലഭിക്കുന്ന 'മനോഹര' പദ്ധതി ആയതിനാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വരും വർഷങ്ങളിൽ പദ്ധതി വ്യാപിപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്തംഗം അഡ്വ.ജി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.