മാവേലിക്കര: ചെന്നിത്തല പള്ളിയോടത്തിന്റെ തിരുവാറന്മുള ദർശന യാത്ര സുഗമമാക്കുന്നതിനായി അച്ചൻകോവിലാറ്റിലെ തടസങ്ങൾ നീക്കം ചെയ്യുന്നതിനു അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. അച്ചൻകോവിലാറ്റിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ചെന്നിത്തല പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ദിപു പടകത്തിൽ മന്ത്രിക്കു നിവേദനം നൽകിയിരുന്നു. നിവേദനത്തിന്റെ ആവശ്യകത കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജന്നിംഗ്സ് ജേക്കബും മന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.