ആലപ്പുഴ: ഓണക്കാലത്ത് പൊതുവിപണിയിലെ ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണം, ലീഗൽ മെട്രോളജി, ഫുഡ് സേഫ്ടി വകുപ്പുകൾ സംയുക്ത പരിശോധന ആരംഭിച്ചു.

ജില്ലാ സപ്ലൈ ഓഫീസർ ടി. ഗാനാദേവിയുടെ നേതൃത്വത്തിൽ ഇന്നലെ അമ്പലപ്പുഴ താലൂക്കിലെ കൈചൂണ്ടിമുക്ക്, ജില്ലാ കോടതി, തോണ്ടൻകുളങ്ങര, കാളാത്ത് എന്നിവിടങ്ങളിലെ പഴം, പച്ചക്കറി, പലവ്യഞ്ജന വിൽപ്പനശാലകൾ, ബേക്കറികൾ തുടങ്ങി 25 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയ 10 സ്ഥാപനങ്ങളിൽ പരിഹരിക്കുന്നതിന് കർശന നിർദ്ദേശം നൽകി. വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കും താക്കീത് നൽകി. പരിശോധന വരും ദിവസങ്ങളിലും തുടരും. ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ ഹരികൃഷ്ണക്കുറുപ്പ്, താലൂക്ക് സപ്ലൈ ഓഫീസർ എൽ.സി. സീന, ഭക്ഷ്യ സുരക്ഷാ ഓഫീസർ എം. മീരാ ദേവി, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ഷാഹിന അബ്ദുള്ള, വി. ബിജി, സന്തോഷ് കുമാർ, എസ്. ബിജുരാജ് തുടങ്ങിയവർ പങ്കെടുത്തു.