ആലപ്പുഴ: ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്നതിനോ ആയുധ പരിശീലനത്തിനോ തീവ്രവാദ പ്രവർത്തിക്കോ കുട്ടികളെ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചാൽ, അടിയന്തര നിയമനടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. അന്യമത വിദ്വേഷം വളർത്തി തീവ്രവാദ സ്വഭാവത്തിലേക്ക് കുട്ടികളെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനും കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ, അംഗങ്ങളായ ബബിത. ബി, സി. വിജയകുമാർ എന്നിവരുടെ ഫുൾ ബഞ്ച് ഉത്തരവായി. കമ്മിഷൻ 2005 ലെ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുളള കമ്മിഷനുകൾ നിയമത്തിലെ 15ാം വകുപ്പ് പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്മേൽ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടി 60 ദിവസത്തിനകം കമ്മിഷനെ അറിയിക്കാനും നിർദ്ദേശം നൽകി.