 
ചേർത്തല: ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ പരിധിയിൽ നഗര അലങ്കാരത്തിന്റെ ഭാഗമായി കെട്ടിയിരുന്ന പീത പതാകകൾ അഴിച്ചുമാറ്റിയതിൽ പ്രതിഷേധിച്ച് ചേർത്തല മുനിസിപ്പൽ ഓഫീസിലേക്ക് യൂണിയന്റെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അജയൻ പറയകാട് നന്ദി പറഞ്ഞു. ചേർത്തല യൂണിയൻ മുൻ കൗൺസിൽ അംഗങ്ങൾ, നിയുക്ത ഡയറക്ടർ ബോർഡ് അംഗങ്ങൾ, യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം, സൈബർ സേന, എംപ്ലോയീസ് ഫോറം, പെൻഷണേഴ്സ് ഫോറം, വൈദികയോഗം, ഗുരു ദർശന പഠന വിഭാഗം തുടങ്ങി പോഷക സംഘടന ഭാരവാഹികളും ശാഖ ഭാരവാഹികളും ഉൾപ്പെടെ നൂറുകണക്കിനു പേർ പ്രകടനത്തിലും ധർണയിലും പങ്കെടുത്തു.