ചേർത്തല: കയർമേഖലയിൽ വീണ്ടും സമരം ആരംഭിക്കുന്നു.രണ്ടുമാസം മുമ്പു നടന്ന സമരത്തിൽ മന്ത്റിയുടെ സാന്നിദ്ധ്യത്തിൽ ഉണ്ടാക്കിയ ഒത്തു തീർപ്പു വ്യവസ്ഥകൾ നടപ്പാക്കുന്നില്ലെന്നാരോപിച്ചാണ് സമരം.ചെറുകിട ഉത്പാദക സംഘടനയായ കേരള കയർഗുഡ്സ് പ്രാഡ്യൂസേഴ്സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.29ന് രാവിലെ പത്തു മുതൽ കയർ കോർപ്പറേന് മുന്നിൽ നടക്കുന്ന കുത്തിയിരിപ്പ് സമരം സംസ്ഥാന പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും.എം.അനിൽകുമാർ അദ്ധ്യക്ഷനാകും.
ഓർഡർ ക്ഷാമത്തിനും സംഘങ്ങൾക്ക് തരുവാനുള്ള ബിൽ കുടിശിക,എം.ഡി.എ കുടിശിക അടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി മേഖലയിലെ തൊഴിലാളി ഉത്പാദന സംഘടനകൾ 15 ദിവസം ഫാക്ടറികളടച്ച് സമരം നടത്തിയിരുന്നു.ഇതേ തുടർന്ന് മന്ത്റി നേരിട്ടെത്തി വിളിച്ച യോഗത്തിലെ തീരുമാന പ്രകാരമാണ് സമരം പിൻവലിച്ചത്.എന്നാൽ ഇതിലെ തീരുമാനങ്ങളെല്ലാം അട്ടിമറിച്ചതായി കയർ ഗുസ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ആരോപിച്ചു. ആലപ്പുഴ ഡി.സി.സി. യിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.ആർ.രാജേന്ദ്ര പ്രസാദ് അദ്ധ്യക്ഷനായി.എം.അനിൽകുമാർ,കെ.പി.ആഘോഷ് കുമാർ,എം.ജി.സാബു,ടി.എസ്.ബാഹുലേയൻ,ശശിക്കുട്ടൻ,പി.ജെ.സേവ്യർ,കെ.ഡി.പുഷ്‌കരൻ. പൊന്നപ്പൻ,കൃഷപ്രസാദ്,ഋഷിലാൽ,കൃഷ്ണപ്പൻ,പി.എസ്.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.