തുറവൂർ: കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പിൽ മെഗാ ടൂറിസം സർക്യൂട്ട് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച ഹൗസ് ബോട്ട് ടെർമിനലും പാർക്കും കാടുകയറി നശിക്കുന്നു. ഉദ്ഘാടനം നടന്നെങ്കിലും പ്രവർത്തനമില്ലാത്തതിനാൽ കേന്ദ്ര ടൂറിസം ഫണ്ടിൽ നിന്ന് ഇതിനായി മുടക്കിയ 1.5 കോടിയാണ് വെറുതെയായത്.
5 വർഷം മുമ്പാണ് ഹൗസ് ബോട്ട് ടെർമിനലിനൊപ്പം കുട്ടികളുടെ പാർക്ക്, കോഫി ഹൗസ്, വിശ്രമമുറി, ടോയ് ലറ്റ് തുടങ്ങിയവ നിർമ്മിച്ചത്. നിർമ്മാണ ശേഷം ഏറെക്കാലം വെറുതെ കിടന്ന പദ്ധതിയുടെ ഉദ്ഘാടനം നിരന്തര മുറവിളികൾക്കൊടുവിൽ, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുഖ്യമന്ത്രിയാണ് ഓൺലൈനായി നിർവഹിച്ചത്. എങ്കിലും അധികൃതരുടെ നിരന്തര അവഗണനയെ തുടർന്ന് നാശത്തിന്റെ വക്കിലാണ് ഈ ടൂറിസം കേന്ദ്രം. കെട്ടിടങ്ങൾ നശിച്ചും ഉപകരണങ്ങൾ തുരുമ്പെടുത്തും തറയോടുകൾ ഇളകിയും കാടു കയറിയ സ്ഥിതിയിലാണ്.
ലക്ഷങ്ങൾ ഇനിയും മുടക്കിയാലേ ഇത് പ്രവർത്തന സജ്ജമാക്കാൻ കഴിയു. മാസങ്ങൾക്ക് മുൻപ് ദെലീമ ജോജോ എം.എൽ.എ യുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു കാര്യങ്ങൾ ബോദ്ധ്യപ്പെട്ടെങ്കിലും പാർക്ക് പ്രവർത്തന സജ്ജമാക്കാനുള്ള നടപടികളൊന്നുമായിട്ടില്ല. എ.എം.ആരിഫ് എം.എൽ എ ആയിരുന്നപ്പോഴാണ് ഇറിഗേഷൻ വകുപ്പ് ടൂറിസം വകുപ്പിന് കൈമാറിയ, തഴുപ്പിന്റെ വടക്കേയറ്റമായ പുല്ലുവേലി റെയിൽവേ പാലത്തിനരികിലുള്ള സ്ഥലത്ത് പദ്ധതി നടപ്പാക്കിയത്.
# പ്രകൃതി രമണീയം
മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഉൾനാടൻ ഗ്രാമമാണ് തഴുപ്പ്. തഴുപ്പും കായൽതീരവും എന്നും സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ്. കായൽ ടൂറിസത്തിന് പേരു കേട്ടതാണെങ്കിലും വികസനം ഇവിടെ മാത്രമില്ല. ഏറെ പ്രതീക്ഷ പുലർത്തിയ തഴുപ്പ് ടൂറിസം പദ്ധതി നിർമ്മാണത്തിൽ മാത്രമൊതുങ്ങിയതിനാൽ നാട് നിരാശയിലാണ്. ഇവിടത്തെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ അധികൃതർ പരിശ്രമിക്കുന്നേയില്ല. രണ്ടു സ്വകാര്യ റിസോർട്ടുകൾ ഒരുക്കുന്ന സൗകര്യങ്ങൾ മാത്രമാണ് ഇവിടെയുള്ളത്.
തഴുപ്പ് ഹൗസ് ബോട്ട് ടെർമിനലും പാർക്കും പ്രവർത്തന സജ്ജമാക്കാൻ ഉടൻ നടപടി സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ട അധികൃതരുടെയും ജനപ്രതിനിധികളുടെയും യോഗം താമസിയാതെ ചേരാനാണ് തീരുമാനം
ദെലീമ ജോജോ എം.എൽ.എ
പാർക്കും ഹൗസ് ബോട്ട് ടെർമിനലും വെറുതെ കിടന്ന് നശിക്കുന്നതൊഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. തഴുപ്പിന്റെ ടൂറിസം വികസനത്തിന് സഹായകരമായ പദ്ധതി അധികൃതർ കൈക്കൊള്ളണം
അശോകൻ പനച്ചിക്കൽ, പൊതുപ്രവർത്തകൻ