
ഹരിപ്പാട്: തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ തൊഴിൽ രഹിതരായ സ്ത്രീകൾക്ക് വരുമാനം ലക്ഷ്യമിട്ട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയും ചേർന്ന് നടപ്പാക്കിയ പൂ കൃഷി പദ്ധതി നൂറ്മേനി വിജയം കൊയ്തു. ഓരോ ഗ്രൂപ്പും ഒഴിഞ്ഞ പറമ്പുകളിലായാണ് കൃഷി ആരംഭിച്ചത്. തൊഴിലുറപ്പ് ജോലിയുടെ സ്ഥിരം സ്വഭാവത്തിൽ നിന്ന് വ്യത്യസ്തമായി സാധാരണക്കാരായ സ്ത്രീകൾക്ക് അധിക വരുമാനവും, പുതിയ തൊഴിലറിവും നൽകുന്ന പദ്ധതി ഓണനാളുകൾ ലക്ഷ്യമിട്ടാണ് ആരംഭിച്ചത്. ഓണത്തിന് ഈ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത്.കൃഷി ഓഫീസർ ദേവിയുടെ സഹായങ്ങളും നിർദേശങ്ങളുമാണ് ഇതിന് മേൽനോട്ടം വഹിച്ചത്. ഇന്ന് മുതൽ തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ആരംഭിക്കുന്ന ഓണപ്പൂ ചന്തയിൽ നിന്നും വിവിധ വാർഡുകളിലെ കൃഷിയിടങ്ങളിൽ നിന്നും പൊതു ജനങ്ങൾക്ക് പൂക്കൾ നേരിട്ട് വാങ്ങാവുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ്കുമാർ പറഞ്ഞു.