 
അരൂർ: നാടിന്റെ സംസ്കൃതിയിൽ കാലാനുസൃതമായ മാറ്റം വരുത്താൻ ശാന്തിഗിരി പോലെയുള്ള പ്രസ്ഥാനങ്ങൾക്ക് കഴിയുമെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. ശാന്തിഗിരി ജന്മഗൃഹസമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ചന്തിരൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ ജന്മഗൃഹസമുച്ചയം നാടിന്റെ അടയാളമായി മാറും. തനിക്ക് ഏറെ ഹൃദയബന്ധമുള്ള നാടാണ് ചന്തിരൂരെന്നും പ്രകൃതിയോടിണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണ് താനെന്നും മമ്മൂട്ടി പറഞ്ഞു. ചടങ്ങിൽ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സ്നേഹോപഹാരങ്ങൾ മമ്മൂട്ടിക്ക് സമ്മാനിച്ചു. എ.എം. ആരിഫ് എം.പി അദ്ധ്യക്ഷനായി. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആമുഖ പ്രഭാഷണം നടത്തി. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാന തപസ്വി, സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി എന്നിവര്‍ പങ്കെടുത്തു. കേന്ദ്ര സംഗീത നാടക അക്കാഡമി അംഗം വയലാർ ശരത്ചന്ദ്രവർമ്മ, ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍, ഗാന രചയിതാവ് രാജീവ് ആലുങ്കൽ, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയന്‍ പ്രസിഡന്റ് എൻ.എം. ബാദുഷ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജെബി മേത്തർ എം.പി, സിനിമാതാരം രമേഷ് പിഷാരടി, ദെലീമ ജോജോ എം.എൽ.എ, മുന്‍എം.എല്‍.എ ഷാനിമോൾ ഉസ്മാൻ, കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു, ബി.ജെ.പി ദേശീയ കൗൺസിലംഗം വെള്ളിയാകുളം പരമേശ്വരൻ, ശാന്തിഗിരി ആശ്രമം ചേര്‍ത്തല ഏരിയ ഹെഡ് ജനനി പൂജ ജ്ഞാന തപസ്വിനി തുടങ്ങിയവർ സംസാരിച്ചു. അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി സ്വാഗതവും ആശ്രമം ഇന്റർനാഷണൽ ഓപ്പറേഷൻസ് ഇൻ ചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി നന്ദിയും പറഞ്ഞു. വയലിനിസ്റ്റ് ശബരീശ് പ്രഭാകറിന്റെ നേതൃത്വത്തിൽ സംഗീത സന്ധ്യയും നടന്നു.