കായംകുളം: കിടപ്പാടമില്ലാത്ത ആറ് കുടുംബങ്ങൾക്ക് സ്വന്തം ഭൂമി പകുത്ത് നൽകി വ്യവസായി. ദേവികുളങ്ങര കടക്കലിൽ അശോക് വാസവും ഭാര്യ ബിന്ദുവുമാണ് സ്വന്തമായി ഭൂമിയില്ലാത്ത ആറു കുടുംബങ്ങൾക്ക് നാല് സെന്റ് ഭൂമി വീതവും അങ്കണവാടിക്ക് സ്ഥലവും നൽകിയത്.
ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലാണ് അങ്കണവാടിക്കായി സ്ഥലം നൽകിയത്.
ആധാര വിതരണ സമ്മേളനം പോക്സോ സ്പെഷ്യൽ കോടതി ജില്ലാ ജഡ്ജി വി.ഉദയകുമാർ ഉദ്ഘാടനം ചെയ്തു.
ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥൻ അദ്ധ്യക്ഷത വഹിച്ചു. കടക്കൽ വാസവൻ സ്വാമി ഭദ്രദീപം തെളിച്ചു.
ആധാരങ്ങളുടെ വിതരണം അശോക് വാസവും,ഭാര്യ ബിന്ദുവും ചേർന്ന് നിർവ്വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് അംഗം അരിതാ ബാബു,സ്വാഗത സംഘം ചെയർമാൻ ഡോ.സജു ഇടക്കാട്ട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പ്രസാദ്, ആർ.രാജേഷ്, എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി പുരുഷോത്തമൻ,ശാഖാ യോഗം വൈസ് പ്രസിഡന്റ് വിജയൻ,എസ്.കുമാർ, അഡ്വ.വിജയനാഥ് ബാബു, ജയകുമാർ തെക്കഞ്ചേരിൽ,സുഭാഷ് അക്ഷയ എന്നിവർ സംസാരിച്ചു.