
ആലപ്പുഴ: ഓസ്ക്കാർ പുരസ്ക്കാര ജേതാവ് റസൂൽ പൂക്കൂട്ടിയുമായി ദീർഘനേര ചർച്ചയ്ക്ക് അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥനുമായ ശ്രീനേഷ് പ്രഭു. ഇന്നലെ കരുനാഗപ്പള്ളിയിൽ നടന്ന സ്വകാര്യ ചടങ്ങിനിടെയായിരുന്നു ആരാധകന്റെയും ആരാധനാപാത്രത്തിന്റെയും കണ്ടുമുട്ടൽ. സാമൂഹിക ബോധവൽക്കരണ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗാനരചയിതാവും, സംഗീതസംവിധായകനും കൂടിയാണ് ശ്രീനേഷ് പ്രഭു. ശ്രീനേഷിന്റെ ഇംഗ്ലീഷ് ആൽബമായ 'വൈറ്റ് ഡോവ് ആൻഡ് ബ്ലാക്ക് ബെറീ'സിന്റെ ഓൺലൈൻ പോസ്റ്റർ പ്രകാശനം മൂന്ന് വർഷം മുമ്പ് നിർവഹിച്ചത് റസൂൽ പൂക്കൂട്ടിയാണ്. താനും കുടുംബവും കൊവിഡ് ബാധിച്ച് കിടപ്പിലായപ്പോഴും വിളിച്ച് വിവരങ്ങൾ അന്വേഷിക്കാൻ തയാറായ റസൂലിന് ശ്രീനേഷ് നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ ആസിഫ് അലി, അർജുൻ അശോകൻ തുടങ്ങിയവർ അഭിനയിച്ച ' ഒറ്റ'യ്ക്ക് ആശംസകളും നേർന്നാണ് ശ്രീനേഷ് മടങ്ങിയത്. സഹോദരൻ ഗണേഷ്.എൽ.പ്രഭുവും ഒപ്പമുണ്ടായിരുന്നു.