കസേരയേറിൽ 3 പേർക്ക് പരിക്ക്
ഹരിപ്പാട്: വിവാഹ സദ്യക്കിടെ വരന്റെ കൂട്ടുകാരിൽ ചിലർ രണ്ടാമതും പപ്പടം ചോദിച്ചു. കിട്ടാത്തതിന്റെ പേരിലുള്ള തർക്കം മൂത്ത് കൂട്ടത്തല്ലായി. സദ്യ ഉണ്ണാനെത്തിയ ഏതോ വിരുതൻ അടി മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ട് വൈറലുമായി. ഹരിപ്പാട് മുട്ടത്തുള്ള സ്വകാര്യ ഓഡിറ്റോറിയത്തിൽ ഞായറാഴ്ചയാണ് ഇരു കൂട്ടർക്കും അപമാനമുണ്ടാക്കിയ സംഭവം.
മുട്ടം സ്വദേശിയായ യുവതിയുടെയും തൃക്കുന്നപ്പുഴക്കാരൻ യുവാവിന്റേതുമായിരുന്നു വിവാഹം.
സദ്യ കഴിച്ചുകൊണ്ടിരുന്ന ചില യുവാക്കളാണ് പപ്പടക്കൊതി മൂത്ത് വീണ്ടും ചോദിച്ചത്. കിട്ടില്ലെന്നായപ്പോൾ ഒച്ചവച്ചു. ഇത് വിളമ്പുകാർക്ക് പിടിച്ചില്ല. ചോദ്യംചെയ്തതോടെ അടി പൊട്ടി. ഇരു വിഭാഗവും കസേര വലിച്ചെറിഞ്ഞു. സദ്യ കഴിച്ചുകൊണ്ടിരുന്ന സ്‌ത്രീകളും കുട്ടികളും ഇറങ്ങിയോടി.
കസേര നശിപ്പിക്കുന്നത് കണ്ട് ഇടപെട്ട ഓഡിറ്റോറിയം ഉടമ മുരളീധരനും (65) പരിക്കേറ്റു. സദ്യ കഴിക്കുയായിരുന്ന ജോഹൻ (24), ഹരി (21) എന്നിവർക്കും നിസാര പരിക്കേറ്റു.
മുരളീധരന്റെ പരാതിയിൽ കരീലക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.