 
മാന്നാർ: ഓണത്തിനൊരുമുറം പച്ചക്കറിക്ക് പകരം ഒരു തോട്ടം നിറയെ പച്ചക്കറികൾ ഒരുക്കി മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പ്. തക്കാളിയും വഴുതനയും പച്ചമുളകും വെണ്ടയും പയറുമെല്ലാം വിളഞ്ഞ് പാകമായി പച്ചപ്പിന്റെ നടുവിലാണ് പഞ്ചായത്തും തൊട്ട്ചേർന്നുള്ള കൃഷിഭവനും. ഓണത്തിന് മുന്നോടിയായി കൃഷിമന്ത്രിയെക്കൊണ്ട് വിളിവെടുപ്പ് ഉദ്ഘാടനം നടത്തുവാനുള്ള ഒരുക്കത്തിലാണ് അധികൃതർ. മാന്നാർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ച 'ഹരിതം ജീവനം' പദ്ധതിയിലാണ് പച്ചക്കറി കൃഷി വിളവെടുപ്പിനു തയ്യാറായിട്ടുള്ളത്. '
'ഞങ്ങളും കൃഷിയിലേക്ക്', 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതി പ്രകാരം മാന്നാർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, മാന്നാർ കൃഷിഭവൻ, കുടുംബശ്രീ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മാന്നാർ അസി.എൻജിനീയറുടെ കാര്യാലയം, പെർഫോർമൻസ് ഓഡിറ്റ് എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഒത്തൊരുമിച്ചാണ് 'ഹരിതം ജീവനം' എന്ന പേരിൽ ഗ്രാമപഞ്ചായത്ത് വളപ്പിൽ ചെടിച്ചട്ടികളിൽ പച്ചക്കറി കൃഷി ഒരുക്കിയത്. കൃഷി ചെലവിനുള്ള തുക ഗ്രാമപഞ്ചായത്ത് അംഗങ്ങളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഭാവന ചെയ്താണ് 'ഹരിതം ജീവനം' നടപ്പിലാക്കിയത്. ഞാറ്റുവേല ചന്തയോടനുബന്ധിച്ചാണ് ഹരിതം ജീവനം പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതി കണ്ടറിഞ്ഞ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും ഇതേറ്റെടുത്ത് വിജയകരമായിട്ടുണ്ട്. ജൈവ വളം ഉപയോഗിച്ചുള്ള കൃഷി രീതിയാണ് നടപ്പാക്കിയത്.
..........
ജനങ്ങളിൽ നല്ലൊരു കാർഷിക സംസ്കാരം വളർത്തിയെടുക്കുവാൻ ജനപ്രതിനിധികളും സർക്കാർ ജീവനക്കാരും കൈകോർത്ത് കൊണ്ടുള്ള പദ്ധതിയാണിത്. ഓരോരുത്തരുടെയും വീട്ടുവളപ്പിൽ വിഷരഹിത പച്ചക്കറികൾ കൃഷി ചെയ്ത് സ്വയം പര്യാപ്തത നേടുവാൻ ഇത് നിമിത്തമായാൽ പദ്ധതിയുടെ വിജയമാണ്. മുഴുവൻ ഗ്രാമപഞ്ചായത്തംഗങ്ങളും ഇതുമായി സഹകരിക്കുകയും ആവശ്യമായ സഹായങ്ങളും ചെയ്തിരുന്നു.
(ടി.വി രത്നകുമാരി, പ്രസിഡന്റ് മാന്നാർ ഗ്രാമപഞ്ചായത്ത്)
പഞ്ചായത്ത് ഓഫീസിലും കൃഷിഭവനിലും എത്തുന്ന പൊതുജനങ്ങൾ ഇത് കാണുമ്പോൾ ഇങ്ങനെയും കൃഷി ചെയ്യാൻ കഴിയുമെന്നും , സ്വന്തം വീടുകളിലും സ്ഥാപനങ്ങളിലും കൃഷികൾ തുടങ്ങുവാനുള്ള പ്രചോദനം എല്ലാവരിലും ഉണ്ടാകുവാനും സഹായകരമാകുന്നതിനാണ് ഇങ്ങനൊരു ആശയം മുന്നോട്ട് വെച്ചത്.
(പി.സി ഹരികുമാർ, കൃഷി ഓഫീസർ മാന്നാർ)