ചേർത്തല: അർത്തുങ്കൽ പള്ളിയിൽ നിന്നും വേളാങ്കണ്ണി വരെയുള്ള കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്​റ്റ് ബസ് സർവീസ് ഇന്ന് ഉച്ചയ്ക്ക് 2ന് ആരംഭിക്കുമെന്ന് മന്ത്റി പി. പ്രസാദ് അറിയിച്ചു.ചേർത്തലയിൽ നിന്ന് പുറപ്പെട്ട് അർത്തുങ്കലിൽ എത്തി 2.30ന് അവിടെ നിന്നും വേളാങ്കണ്ണിക്ക് പുറപ്പെടും.പി​റ്റേദിവസം രാവിലെ 6.45 ഓടുകൂടി വേളാങ്കണ്ണിയിലെത്തും.ഭക്തജനങ്ങൾക്ക് രാവിലെ 9ന് മലയാളം കുർബാനയിൽ പങ്കെടുക്കുന്നതിന് സാധിക്കുംവിധമാണ് ബസിന്റെ സമയക്രമീകരണം. തിരിച്ച് വൈകുന്നേരം 5.30ന് വേളാങ്കണ്ണിയിൽ നിന്നും പുറപ്പെടുന്ന ബസ് പി​റ്റേന്ന് രാവിലെ 9.15ന് ചേർത്തലയിലെത്തും. ചേർത്തലയിലെ പൊതു ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് മന്ത്റി ആന്റണി രാജുവുമായി നടത്തിയ യോഗത്തിന്റെ തീരുമാന പ്രകാരമാണ് അർത്തുങ്കൽ വേളാങ്കണ്ണി സൂപ്പർഫാസ്​റ്റ് ബസ് സർവീസ് ആരംഭിക്കുന്നത്. നേരത്തെ ചേർത്തല വയലാർ എട്ടുപുരക്കൽ സർവീസ് പുനരാരംഭിച്ചിരുന്നു. കോയമ്പത്തൂർ,ട്രിച്ചി, തഞ്ചാവൂർ വഴിയാണ് വേളാങ്കണ്ണിയിലേക്ക് ബസ് എത്തുന്നത്. ഭക്തരെ കൂടാതെ ട്രിച്ചി, തഞ്ചാവൂർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കും കോയമ്പത്തൂരിലേക്ക് ബിസിനസ് ആവശ്യങ്ങൾക്ക് പോകുന്നവർക്കും ബസ് സർവീസ് പ്രയോജനപ്പെടുമെന്ന് മന്ത്റി പറഞ്ഞു.