മാവേലിക്കര : ​രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പെരുമാറ്റം മാതൃകാപരമാണെന്ന് യു.പ്രതിഭ എം.എൽ.എ പറഞ്ഞു. ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ നവതി ആഘോഷച്ചടങ്ങിൽ ഗവർണർ ഇരിക്കെയായിരുന്നു പ്രതിഭയുടെ പ്രസംഗം. ഗവർണറാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കേരളീയ വേഷത്തിലെത്തിയ ഗവർണറെ പ്രതിഭ പ്രശംസിക്കുകയും ചെയ്തു.

കേരളീയ വേഷം ഗവർണർക്ക് നന്നായി ഇണങ്ങുന്നുണ്ട്. എല്ലാവരോടും നന്നായി പെരുമാറാറുള്ള ആളാണ് ഗവർണറെന്നും ചടങ്ങിലെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ എം.എൽ.എ എന്ന നിലയിൽ അഭിമാനിക്കുന്നെന്നും പ്രതിഭ കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ തുറന്ന പോര് തുടരുന്നതിനിടെയാണ് സി.പി.എമ്മിന്റെ എം.എൽ.എയായ പ്രതിഭ ഗവർണറെ പുകഴ്ത്തിയതെന്നത് ശ്രദ്ധേയമാണ്.