ജലഘോഷയാത്ര ഇന്ന്

ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിയുടെ ഭാഗമായി ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക പരിപാടികൾ ജലഘോഷയാത്രയോടെ ഇന്ന് ആരംഭിക്കും. നഗരചത്വരത്തിലാണ് വിവിധ പരിപാടികൾ നടക്കുന്നത്. ഇന്ന് വൈകിട്ട് 3ന് നൂറോളം ചെറുവള്ളങ്ങളും ശിക്കാരവള്ളങ്ങളും മുത്തുക്കുടകളും തോരണങ്ങളും കൊണ്ടലങ്കരിച്ച് വഞ്ചിപ്പാട്ടിന്റെയും വാദ്യമേളങ്ങളുടെയും കഥകളി, മോഹിനിയാട്ടം, പരുന്ത്, തെയ്യം, ഗരുഡൻ, മാവേലി തുടങ്ങിയ കലാരൂപങ്ങളുടെയും അകമ്പടിയോടെ അണിനിരക്കുന്ന ജലഘോഷയാത്ര കൊമേഴ്സ്യൽ കനാലിൽ നഗരസഭ ഓഫീസിന് മുന്നിൽ ജില്ലാ പോലീസ് മേധാവി ജെ.ജയദേവ് ഫ്ളാഗ് ഓഫ് ചെയ്യും. കായൽ വഴി എത്തി വാടക്കനാലിലൂടെ സഞ്ചരിച്ച് നഗരചത്വരത്തിന് സമീപം സമാപിക്കും.

തുടർന്ന് നടക്കുന്ന സമ്മേളനം അഡ്വ. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിക്കും. .നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷർ, കക്ഷിനേതാക്കൾ തുടങ്ങിയവർ പങ്കെുക്കും. ഫുഡ് കോർട്ട് ചെയർപേഴ്‌സൺ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7ന് ചന്ദുവും സംഘവും അവതരിപ്പിക്കുന്ന നൃത്തവിരുന്ന്, രാത്രി 8ന് ആലപ്പുഴ ബ്ലൂഡയമണ്ട്‌സിന്റെ ഗാനമേള.
31ന് വൈകിട്ട് ആറിന് പുന്നപ്ര മനോജ് നയിക്കുന്ന നാടൻ പാട്ടും ദൃശ്യവിരുന്നും. രാത്രി 8ന് കൊച്ചിൻ കലാഭവന്റെ സംഗീത ഹാസ്യ സന്ധ്യ. ഒന്നിന് വൈകിട്ട് ആറിന് ഹാർമണി വേൾഡ് ഓർക്കസ്ട്രയുടെ രവീന്ദ്രഗീതങ്ങൾ. രാത്രി 8ന് ആലപ്പുഴ ഇപ്ട നാട്ടരങ്ങിന്റെ നാട്ടുപാട്ട് തിറയാട്ടം. രണ്ടിന് വൈകിട്ട് 5.30ന് തിരുവനന്തപുരം സൗപർണികയുടെ നാടകം ഇതിഹാസം. രാത്രി 8ന് നസീർ സംക്രാന്തി നയിക്കുന്ന മെഗാഷോ.

3ന് വൈകിട്ട് 3ന് സാംസ്‌കാരികഘോഷയാത്ര ഇ.എം.എസ് സ്‌റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് നഗരചത്വരത്തിൽ സമാപിക്കും. ഘോഷയാത്രയുടെ ഫ്‌ളാഗ് ഒഫ് കളക്ടർ വി.ആർ. കൃഷ്ണതേജ നിർവഹിക്കും. തൃശൂർ വിയ്യൂർ ദേശം ഗ്രൂപ്പിന്റെ പുലികളിയും മികവേകും. വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനം, ആറിന് ജലോത്സവഗാനം, 6.10ന് മധുരം സംഗീതം, 7.30ന് അതുൽ നറുകര നയിക്കുന്ന എത്‌നിക് സോംഗ്.