ആലപ്പുഴ : 56ാമത് മാന്നാർ മഹാത്മാഗാന്ധി ജലോത്സവം സെപ്തംബർ ആറിന് കുര്യത്ത് കടവിലുള്ള മാന്നാർ മഹാത്മ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചക്ക് 2.30ന് മത്സര വള്ളംകളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉങ്ങഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനദാനം ആന്റോ ആന്റണി എം.പി നിർവഹിക്കും. മന്ത്രി ചിഞ്ചുറാണി, കൊടിക്കുന്നിൽ സുരേഷ് എം.പി തുടങ്ങിയവർ പങ്കെടുക്കും. ആയാപറമ്പ് പാണ്ടി, ചെറുതന, വിലയ ദിവാൻജി, കരുവാറ്റ, പായിപ്പാട്, സെന്റ് പയസ്, വീയപുരം, നിരണം, ആനാരി, ജവഹർ തായങ്കരി, ഗബ്രിയേൽ എന്നീ ചുണ്ടൻ വള്ളങ്ങളും മണലി, പുന്നത്ര വെങ്ങാഴി, പട്ടേരി പുരയ്ക്കൽ, ഷോട്ട്, കോട്ടപ്പറമ്പൻ, അമ്പലക്കടവൻ, ചെത്തിക്കാടൻ എന്നീ വെപ്പ് വള്ളങ്ങളും പുന്നത്ര പുരയ്ക്കൽ തോട്ടുകടവൻ, പി.ജി.കാരിക്കുഴി എന്നീ രണ്ടാം ഗ്രേഡ് വെപ്പ് വള്ളങ്ങളും മാമ്മൂടൻ, തോട്ടുതറ, കൊച്ചയ്യപ്പൻ, ജലറാണി, ഡായി എന്നീ ഇരുട്ടുകുത്തി വള്ളങ്ങളും ചുരുളൻ വള്ളങ്ങളുമുൾപ്പടെ നാല്പതോളം കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. 75-ാം സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വ്യോമസേനയുടെ ഒരു മണിക്കൂർ നീളുന്ന അഭ്യാസപ്രകടനവുമുണ്ടാകും. മത്സരത്തിനു മുന്നോടിയായി ഓണപ്പാട്ട്, വഞ്ചിപ്പാട്ട്, വിളംബര ഘോഷയാത്ര തുടങ്ങിയവയും നടക്കും. ര
ണ്ടു വരെയാണ് രജിസ്ട്രേഷൻ. മൂന്നിന് രാവിലെ 10ന് പന്നായി പാലത്തിനു തെക്കുവശം തറയിൽ പള്ളത്ത് ബിൽഡിംഗിലെ ജലോത്സവ കമ്മിറ്റി ഓഫീസിൽ വള്ളങ്ങളുടെ ജോടി തിരിച്ചുള്ള നറുക്കെടുപ്പ് നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ജനറൽ കൺവീനർ അഡ്വ. എൻ.ഷൈലാജ്, ജനറൽ സെക്രട്ടറി ടി.കെ.ഷാജഹാൻ, പബ്ലിസിറ്റി കൺവീനർ സാജൻ തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.