ആലപ്പുഴ: അത്തം പി​റന്നതോടെ ഓണമൊരുങ്ങാനുള്ള തി​രക്കി​ൽ ആലപ്പുഴ നഗരം കുരുങ്ങി​ വലയുന്നു.

വൻ തി​രക്കാണ് വ്യാപാര കേന്ദ്രമായ മുല്ലയ്ക്കൽ തെരുവി​ൽ അനുഭവപ്പെടുന്നത്. ശമ്പളവും ബോണസും കയ്യി​ലെത്തുന്നതോടെ കളംമാറും.

വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതാണ് നഗരത്തിലെ പ്രധാന പ്രശ്‌നം. സ്ഥലം കിട്ടുന്നിടത്ത് പാർക്ക് ചെയ്തിട്ട് കടകൾ തേടി പോകുന്നവരാണ് കുരുക്ക് രൂക്ഷമാക്കുന്നത്. കാൽനട യാത്രികർക്ക് കെണിയൊരുക്കി കാത്തിരിക്കുകയാണ് നഗരത്തിലെ ഒട്ടുമി​ക്ക റോഡുകളും ഓടകളും. റോഡ് പുനർ നിർമ്മാണം ആരംഭിക്കാത്ത ഭാഗത്തെ ഓടകളുടെ മുകളിലെ സ്‌ളാബ് തകർന്നു കി​ടക്കുകയാണ്. കാഴ്ചകൾ ആസ്വദിച്ചു നടക്കുന്നവർ ഏതു സമയവും ഓടയിൽ വീഴാമെന്ന അവസ്ഥയാണ്.

മുല്ലയ്ക്കൽ സീറോ ജംഗ്ഷൻ മുതൽ തോണ്ടൻകുളങ്ങര വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. ഇവി​ടെ റോഡ് നിർമ്മാണത്തിന് ശേഖരിച്ചിട്ടുള്ള ടൈലുകളും നിരത്ത് കച്ചവടക്കാർ റോഡ് കൈയേറിയതും വിനയായി. തുണിക്കടകളിലും പൂക്കടകളിലും എത്തുന്നവർ ഒരു ഔചി​ത്യവുമി​ല്ലാതെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. നെഹ്രുട്രോഫി ജലോത്സവത്തിന്റെ ഭാഗമായി ഇന്നലെ ജലഘോഷയാത്രയോടെ സാംസ്കാരിക പരിപാടികൾക്ക് നഗരചത്വരത്തിൽ തുടക്കം കുറിച്ചതി​നാൽ തിരക്ക് ഇനി​യും കൂടും.

# വേണം കൂടുതൽ പൊലീസ്

ആവശ്യത്തി​ന് പൊലീസുകാർ നി​രത്തി​ലി​ല്ലാത്തതാണ് മറ്റൊരു തലവേദന. കളർകോട് മുതൽ കൊമ്മാടി വരെയുള്ള ഭാഗം ടൗണി​ലൂടെ കടക്കാൻ സമയം ഏറെ സമയം വേണ്ടിവരും. കൂടുതൽ പൊലീസിന്റെ സേവനം ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിയോട് ട്രാഫിക് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കളർകോട്, വലിയചുടുകാട്, തിരുവമ്പാടി, ജനറൽ ആശുപത്രി, ഇരുമ്പുപാലം, പിച്ചു അയ്യർ ജംഗ്ഷൻ, വൈ.എം.സി.എ, ജില്ലാക്കോടതി പാലം, കല്ലുപാലം എന്നിവിടങ്ങളിലാണ് വാഹനങ്ങൾ ഏറെ കുരുങ്ങുന്നത്.