അമ്പലപ്പുഴ: അമ്പലപ്പുഴ കിഴക്കേ നടയിലെ ശ്രീവാസുദേവം ഹാളിൽ കഴിഞ്ഞ 24ന് ആരംഭിച്ച ഗണേശോത്സവം ഇന്ന് സമാപിക്കും. രാവിലെ ബ്രഹ്മദത്തൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. ഉച്ചയ്ക്ക് 2 ന് നടക്കുന്ന സമാപന സമ്മേളനം നാഷണൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്യും.സ്വാഗത സംഘം ചെയർമാൻ ടി.കെ.ഹരികുമാർ അദ്ധ്യക്ഷനാകും. തുടർന്ന് 3.30 ന് നിമഞ്ജന ഘോഷയാത്ര അമ്പലപ്പുഴ സമുദ്രത്തിലേക്ക് പുറപ്പെടും . ഘോഷയാത്രയിൽ പതിനൊന്നടി പൊക്കമുള്ള ഗണേശ വിഗ്രഹത്തോടൊപ്പം അഞ്ചടി വീതമുള്ള നാല് വിഗ്രഹങ്ങളും നൂറ് ചെറു ഗണേശ വിഗ്രഹങ്ങളും ഉണ്ടാവും. വിഗ്രഹങ്ങൾ വൈകിട്ട് 6 ന് സമുദ്രത്തിൽ നിമഞ്ജനം ചെയ്യും.