
ചാരുംമൂട്: ഓണാട്ടുകരയുടെ സാമ്പത്തിക അടിത്തറയ്ക്ക് ഒരുകാലത്ത് കരുത്ത് പകർന്നിരുന്ന മരച്ചീനി കൃഷി പേരിലേക്കൊതുങ്ങുന്നു. പണ്ട് തൊടികളിലും തരിശു പാടശേഖരങ്ങളിലും വരെ മരച്ചീനി കൃഷി ചെയ്തിരുന്നു. എന്നാലിപ്പോൾ വിരളമായി മാത്രമേ ഈ കാഴ്ച കാണാനുള്ളൂ.
ഒരു മൂട്ടിൽ നിന്ന് 10 മുതൽ 20 വരെ കിലോ മരച്ചീനിയാണ് ലഭിച്ചിരുന്നത്. നെടുമങ്ങാടൻ, നമ്പർ, ഏത്തൻ തുടങ്ങി വിവിധ ഇനങ്ങൾ അന്നുണ്ടായിരുന്നു. എല്ലുപൊടിയും ഉണക്കച്ചാണകവും ചാരവും ചേർന്ന ജൈവവളത്തിന്റെ കരുത്തിലാണ് മരച്ചീനി കൃഷി തഴച്ചുവളർന്നത്. ക്ഷീരകർഷകരുടെ പ്രധാന കേന്ദ്രം കൂടിയായിരുന്ന ഓണാട്ടുകരയിൽ ഇത്തരത്തിലുള്ള ജൈവവളത്തിന് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. രാവിലേ തന്നെ മരച്ചീനിക്കമ്പുകളുടെ ഇട ഇളക്കി ജോലിചെയ്യുന്നതും നാട്ടിലെ പതിവ് കാഴ്ചയായിരുന്നു.
മരച്ചീനി സാധാരണക്കാരന്റെ തീൻമേശയിൽ നിന്ന് സമ്പന്നരുടെ ഇഷ്ട ആഹാരങ്ങളിലൊന്നായി മാറിയപ്പോൾ ഓണാട്ടുകരയിൽ മരച്ചീനികൃഷി അന്യമാവുകയാണ്. കിലോയ്ക്ക് ഏഴും എട്ടും രൂപയായിരുന്നു പണ്ട്. ഉത്പാദനം കുറഞ്ഞതോടെ വില ഇടിച്ചുകയറിയത് നിലവിലുള്ള കർഷകർക്ക് ഗുണമായി. കിലോയ്ക്ക് 50 രൂപ വരെയുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം തട്ടുകടകൾ, ഹോട്ടലുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണു മരച്ചീനി വിൽപന കൂടിയത്.
മരച്ചീനി കച്ചവടം ചെയ്തിരുന്ന പഴയ തലമുറയിൽപ്പെട്ടവരും ഇപ്പോൾ രംഗത്തില്ല. വൻകിട ഹോട്ടലുകളിലും ഹൗസ്ബോട്ടുകളിലുമെല്ലാം മരച്ചീനി കുഴച്ചത് അവിഭാജ്യ ആഹാരമായി. വിലകൂടിയ കാലത്ത് തങ്ങളുടെ കൃഷിസ്ഥലങ്ങൾ വരെ ഇല്ലാതായത് ഓണാട്ടുകരക്കാരെ നിരാശരാക്കുകയാണ്.
# കിഴക്കു മാത്രം കൃഷി
ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ മരച്ചീനി വ്യാപകമായി കൃഷി ചെയ്യുന്നത്. വലിയ വെല്ലുവിളികളില്ലാത്ത മരച്ചീനി കൃഷി കഴിഞ്ഞ വർഷം ഏറെ പ്രതിസന്ധിയിലായിരുന്നു. കിലോയ്ക്ക് അഞ്ച് രൂപ പോലും കിട്ടാത്ത അവസ്ഥയുണ്ടായി. വിലയില്ലാത്തതിനാൽ പല കർഷകരും വിളവെടുക്കുക പോലും ചെയ്തില്ല.