മാവേലിക്കര: താമരക്കുളം വൈശാഖ് വീട്ടിൽ വേണുഗോപാലിനെ (51) മർദ്ദിച്ചു കൊന്ന കേസിലെ ഒന്നും രണ്ടും പ്രതികൾക്ക് 15 വർഷത്തിനു ശേഷം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും. ഒന്നാം പ്രതി താമരക്കുളം വില്ലേജ് കാഞ്ഞിത്തറ തെക്കേതിൽ സെനിൽ രാജ് (സെനിൽ), രണ്ടാം പ്രതി താമരക്കുളം വില്ലേജ് അനിൽ ഭവനത്തിൽ അനിൽ (കിണ്ടാൻ) എന്നിവരെയാണ് മാവേലിക്കര സെഷൻസ് ഒന്നാം ജഡ്ജി വി.ജി. ശ്രീദേവി ശിക്ഷിച്ചത്. മൂന്നാം പ്രതി നേരത്തേ മരണമടഞ്ഞിരുന്നു. നാല് മുതൽ ഏഴ് വരെ പ്രതികളെ വെറുതേ വിട്ടു.
തിരുവോണ ദിവസമായിരുന്ന 2007 ആഗസ്റ്റ് 27ന് രാത്രി 9.30നാണ് കൊലപാതകം നടന്നത്. ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന വേണുഗോപാലിനെ താമരക്കുളം ജംഗ്ഷന് സമീപം തടഞ്ഞ് നിറുത്തി ഒന്ന് മുതൽ ഏഴ് വരെ പ്രതികൾ മർദ്ദിച്ചതാണ് മരണകാരണമെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. വേണുഗോപാൽ ബൈക്കിൽ യാത്ര തുടർന്നെങ്കിലും കുടുംബ വീടിന് മുന്നിലെത്തിയപ്പോഴേക്കും വീണുപോയി. പിന്തുടർന്നുവന്ന പ്രതികൾ വീണ്ടും മർദ്ദിക്കുകയും വാച്ചും പണവും അപഹരിക്കുകയും ചെയ്തു.
സംഭവത്തിന് ഏതാനും ദിവസം മുമ്പ് വേണുഗോപാൽ കാറിൽ പോകവേ, ഒന്നാം പ്രതിയുടെ ദേഹത്തും ഇയാൾ സഞ്ചരിച്ചിരുന്ന ഓട്ടോയിലും ചെളിവെള്ളം തെറിച്ചതാണ് വിരോധത്തിന് കാരണം. നൂറനാട് പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയ കേസ് സർക്കാർ ഉത്തരവ് പ്രകാരം ആലപ്പുഴ സി.ബി.സി.ഐ.ഡി ആണ് പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 36 സാക്ഷികളേയും 47 രേഖകളും ഹാജരാക്കി. സീനിയർ അഭിഭാഷകൻ അഡ്വ.ജോസഫ് ജോൺ ആയിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.