 
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പ്രചാരണത്തിനായി അവതരിപ്പിച്ചിരിക്കുന്ന റോ യുവർ ചുണ്ടൻ എന്ന ഗെയിം വരും ദിവസങ്ങളിൽ ജില്ലയിലെ സ്‌കൂളുകളിൽ എത്തിക്കും. വള്ളത്തിന്റെ ആകൃതിയിലുള്ള ഇരിപ്പിടത്തിൽ ഇരുന്ന് തുഴയുമ്പോൾ എത്ര തവണ തുഴയുന്നു എന്നത് മുന്നിലുള്ള സ്‌ക്രീനിൽ തെളിയും. തുഴയിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറിലൂടെയാണ് എണ്ണം കണക്കാക്കുന്നത്. ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ വേഗത്തിൽ തുഴയുന്നവർക്ക് സമ്മാനം ലഭിക്കും.
ചേർത്തല ഇൻഫോപാർക്കിലെ ടെക്ക്‌ജെൻഷ്യ സോഫ്‌റ്റ് വെയർ ടെക്‌നോളജീസിലെ പി.എസ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ച ഗെയിം കളക്ടറേറ്റിൽ നടന്ന നെഹ്റു ട്രോഫി എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തോടനുബന്ധിച്ച് ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ പുറത്തിറക്കി. സബ് കളക്ടർ സൂരജ് ഷാജി, എ.ഡി.എം എസ്.സന്തോഷ് കുമാർ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജലമേളയ്ക്കുശേഷം ഗെയിം വിജയ് പാർക്കിൽ സജ്ജീകരിക്കുമെന്ന് എൻ.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടർ അറിയിച്ചു.