
ചേർത്തല: ദീർഘദൂര ബസ് വഴി എം.ഡി.എം.എ വിൽപ്പനക്കെത്തിച്ച രണ്ടുയുവാക്കൾ ചേർത്തലയിൽ പിടിയിലായി. തിരുവല്ല തുക്ലാശേരി,അഞ്ജലി റോഡ് ചുങ്കത്തിലായ ചിറപ്പാത്ത് റോഷൻ(24),ചങ്ങനാശേരി പ്ലായിക്കാട് മരങ്ങാട് ഷാരോൺ(21)എന്നിവരാണ് ചൊവ്വാഴ്ച രാവിലെ ബാംഗ്ലൂരിൽ നിന്നും കൊട്ടാരക്കരയിലേക്കു പോകുകയായിരുന്ന ദീർഘദൂര ബസിൽ നിന്ന് പിടിയിലായത്.
ബസിലുണ്ടായ തർക്കത്തെ തുടർന്ന് ജീവനക്കാർ ബസ് ചേർത്തല പൊലീസ് സ്റ്റേഷനിൽ നിർത്തുകയായിരുന്നു. യാത്രക്കാരുമായി പ്രശ്‌നമുണ്ടാക്കിയ റോഷനെയും ഷാരോണിനൈയും ചോദ്യം ചെയ്തപ്പോൾ സംശയമുണ്ടായതിനെ തുടർന്ന് ബാഗുകൾ പരിശോധിച്ചപ്പോഴാണ് 34 ഗ്രാം എം.ഡി.എം.എ ലഭിച്ചത്.ഇരുവരും ചേർന്ന് ഇതു കേരളത്തിൽ വിൽപനക്കെത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. തിരുവല്ലയിൽ 15 ഓളം കേസുകളിൽ പ്രതിയായ റോഷനെ കാപ്പ നിയമപ്രകാരം പത്തനംതിട്ടജില്ലയിൽ നിന്നും നാടുകടത്തിയിരിക്കുകയായിരുന്നു.ഷാരോണിനെതിരെയും മയക്കുമരുന്ന് കേസുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.ഇരുവരും 15 ദിവസങ്ങൾക്കു മുമ്പാണ് ബാംഗ്ലൂരിലേക്കു തിരിച്ചത്.മൂന്നു ലക്ഷത്തോളം വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്.
ചേർത്തല സ്റ്റേഷൻ ഓഫീസർ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ആന്റണി,വിനോദ്,ബസന്ത തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നത്.