photo
പഴവീട് വ്യാപകയി നീർത്തട സംരക്ഷണ നിയമം ലംഘിച്ച് നെൽവയലുകളും നീർത്തടങ്ങളും നികത്തുന്നു

നെൽവയലുകളും നീർത്തടങ്ങളും നികത്തുന്നു

ആലപ്പുഴ: തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് നഗരത്തിൽ പഴവീട് ഭാഗത്ത് നെൽവയലുകളും നീർത്തടങ്ങളും വ്യാപകമായി നികത്തുന്നു. കളക്ടർക്കുൾപ്പെടെ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ഓണത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളുടെ മറവിലാണ് വ്യാപകമായി നികത്തുന്നത്. നെഹ്രുട്രോഫി ജലോത്സവത്തിന്റെയും ബീച്ചിലെ ഓണാഘോഷത്തിന്റെയും നടത്തിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തിരക്കിലായതും ഇവർക്ക് സഹായകമാകുന്നു. പൊലീസ്, റവന്യു അധികൃതരുടെ പ്രത്യേക സ്‌ക്വാഡ് നിലവിലുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ ക്ഷാമം നടപടികളെ ബാധിക്കുകയാണ്.

നിലം നികത്തൽ എതിർക്കാതിരിക്കാൻ ക്വട്ടേഷൻ സംഘത്തിന്റെ പിൻബലവുമുണ്ട്. പഴവീട്ടിലെ 13 ഏക്കർ പാടശേഖരം നാലുവർഷമായി തരിശു കിടക്കുകയാണ്. ഇതിന്റെ ഒരുഭാഗം മുളംകുറ്റികൾ താഴ്ത്തി പ്ളാസ്റ്റിക് ഉപയോഗിച്ച് കെട്ടിത്തിരിച്ച് നികത്തൽ തുടരുന്നു. പ്രദേശവാസികളായ ചിലർ കഴിഞ്ഞ ദിവസം കളക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നികത്തൽ നിറുത്താൻ നിർദ്ദേശം നൽകി ഉദ്യോഗസ്ഥർ മടങ്ങിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ വീണ്ടും തുടങ്ങി.

കരാറടിസ്ഥാനത്തിലാണ് പലേടത്തും നികത്തൽ നടക്കുന്നത്. പുറക്കാട് പഞ്ചായത്തിലും ഇങ്ങനെ തണ്ണീർത്തടം നികത്തുന്നുണ്ട്. ടിപ്പറുകളിൽ പുലർച്ചെയാണ് ഗ്രാവലെത്തിക്കുന്നത്. നല്ല ഗ്രാവൽ ജെ.സി.ബി ഉപയോഗിച്ച് നിരത്തിയ ശേഷം ചെളികലർന്ന ഗ്രാവൽ പുറമേയിടും. പഴക്കം ചെന്ന നികത്തലായി പരിഗണന കിട്ടാനാണിത്. ഇതിനു പിന്നിൽ റിയൽ എസ്റ്റേറ്റ് സംഘങ്ങളാണ് പ്രവർത്തിക്കുന്നത്.

# ബിനാമിയിലും നികത്തൽ

നഗരസഭ പരിധിയിൽ അഞ്ചു സെന്റിലും പഞ്ചായത്ത് പരിധിയിൽ പത്ത് സെന്റിലും കൂടുതൽ നികത്താൻ നിയമം അനുവദിക്കുന്നില്ല. അതിനാൽ സ്വന്തമായി സ്ഥലം ഇല്ലാത്തവരുടെ പേരിൽ ഭൂമി വാങ്ങി നികത്തി വീടുവച്ച് വില്പന നടത്തുകയാണ് റിയൽ എസ്റ്റേറ്റ് മാഫിയ. കുട്ടനാടൻ മേഖലകളിൽ ചില കരപ്പാടങ്ങൾ ഇത്തരക്കാർ കൈക്കലാക്കിയിട്ടുണ്ട്. അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലാണ് കൂടുതലായി തണ്ണീർത്തടങ്ങൾ നികത്തുന്നത്.

ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കിയാണ് പഴവീട് ഭാഗത്ത് നികത്തൽ തുടരുന്നത്. കളക്ടർ നിദ്ദേശിച്ചിട്ടും നടപടിയെടുക്കാതെ റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു കൊടുക്കുന്നുണ്ട്

ചാക്കോ വർഗീസ്, കളർകോട്