bnr
ചില്ലറക്കാര്യമല്ല വള്ളമൊരുക്കൽ

ആലപ്പുഴ: ആഴ്ചകൾ നീളുന്ന പരിശീലനത്തിനൊടുവിൽ വള്ളത്തിലെ വെള്ളം വലിയാൻ കരയ്ക്ക് കയറ്റുന്നൊരു ഏർപ്പാടുണ്ട്. വെറുതേ കയറ്റിവച്ച് കൈയും കെട്ടി നോക്കി നിൽക്കുകയല്ല. വള്ളമൊരുക്കലെന്ന ഏറ്റവും പ്രധാന ചടങ്ങിലേക്കുള്ള ചുവട് വയ്പ്പാണ് കരയ്ക്കുകയറ്റം.

നീറ്റിലിറക്കിയ അതേ ശ്രദ്ധയോടും പ്രാർത്ഥനയോടും തന്നെയാണ് ഓരോ വള്ളവും കരയിലേക്ക് വലിച്ചു കയറ്റുന്നത്. മത്സരത്തിന് രണ്ട് ദിവസം മുമ്പ് കരയ്ക്ക് കയറുന്ന ചുണ്ടൻമാർ പന്തലുൾപ്പടെ പ്രത്യേക സംവിധാനങ്ങളൊരുക്കി പൊക്കി വയ്ക്കും. ശേഷം അടിയിൽ ചിരട്ടയും തൊണ്ടും നിരത്തി തീ കൊളുത്തും. ചൂട് ചെല്ലുന്നതോടെ വെള്ളം വലിഞ്ഞു തുടങ്ങും. പൂർണമായും വെള്ളം വലിഞ്ഞശേഷം പേപ്പറിട്ട് പിടിച്ച വള്ളത്തിലേക്ക് മുട്ടയുടെ വെള്ളക്കരുവും, ഗ്രീസും ചേർത്തൊരു പൊടിക്കൈ മിശ്രിതം പ്രയോഗിക്കും. വെള്ളം പിടിക്കാതെ കുതിച്ചുപായാൻ വള്ളങ്ങളെ സഹായിക്കുന്ന പ്രധാന ചടങ്ങാണ് മുട്ട പ്രയോഗം. വള്ളം സമിതികളുടെ സാമ്പത്തിക ബലമനുസരിച്ച് മുട്ടയും നെയ്യുമെല്ലാം മാറി മാറി ഉപയോഗിച്ചിരുന്നു.

2008 വരെ ഇതായിരുന്നു രീതിയെങ്കിലും തുടർന്നിങ്ങോട്ട് മുട്ടയും നെയ്യുമെല്ലാം സ്ലീക്കിന് വഴി മാറി. തടി കൂടുതൽ ശക്തിയോടെ തെന്നി നീങ്ങാനാണ് സ്ലീക്ക് അടിച്ചു തുടങ്ങിയത്. തുടർച്ചയായ രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം മത്സരദിവസം രാവിലെയാണ് വള്ളം വീണ്ടും നീറ്റിലിറക്കുക.

അന്നു തുണച്ചത് ഹാലജൻ

2019ലെ വെള്ളപ്പൊക്ക സമയത്ത് വള്ളമൊരുക്കാൻ യാതൊരു മാർഗവുമില്ലാതെ വിഷമിച്ചു നിന്ന സമിതികൾക്ക് ലഭിച്ച കച്ചിത്തുരുമ്പായിരുന്ന ഹൈ പവർ ഹാലജൻ ബൾബുകൾ. തീ പുകയ്ക്കുന്നതിന് പകരം 10 മുതൽ 15 ഹൈപവർ ബൾബുകൾ ഒരേ സമയം വള്ളങ്ങൾക്കടിയിൽ തെളിച്ചു നിറുത്തും. കടുത്ത ചൂട് അടിക്കുന്നതോടെ വെള്ളം നീരാവിയായി പോകുന്നത് കാണാൻ സാധിക്കും. ഇന്ന് ഗ്ലോ ലാമ്പുകളാണ് വള്ളമൊരുക്കാൻ വ്യാപകമായി ഉപയോഗിക്കുന്നത്.

വിളക്കുമരം ലക്ഷ്യമാക്കി പരിശീലനം

പരിശീലനത്തിനായി കൊച്ചുവെളുപ്പാം കാലത്ത് വള്ളമിറക്കുന്നൊരു കാലമുണ്ടായിരുന്നു കുട്ടനാട്ടിൽ. പക്ഷേ, ഇപ്പോൾ പരിശീലനത്തിനൊപ്പം വിശ്രമത്തിനും പ്രാമുഖ്യം നൽകിത്തുടങ്ങി. കൃത്യമായ ടൈംടേബിൾ അനുസരിച്ചായി കളിക്കാരുടെ പരിശീലനവും വിശ്രമവും ഭക്ഷണവുമുൾപ്പെടെ. അതായത്, അന്ന് കളിക്കാർക്ക് അധിക വ്യായാമത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. വല വീശാൻ കായലിലേക്ക് പോകുന്ന തൊഴിലാളികൾ കാറ്റും കോളും അവഗണിച്ച് വിളക്കുമരങ്ങളെ ലക്ഷ്യമാക്കി തുഴഞ്ഞാണ് കരയ്ക്കടുത്തിരുന്നത്. ശക്തമായും തുടർച്ചയായും നടത്തുന്ന ആ തുഴച്ചിൽതന്നെ ആവർക്ക് മികച്ച കായികാദ്ധ്വാനമായിരുന്നു.

ഗ്രിപ്പിന് പടിയും റബർ ഷീറ്റും

ശരവേഗത്തിൽ തുഴയുന്ന കളിക്കാർക്ക് ഗ്രിപ്പിന് വേണ്ടി വള്ളത്തിൽ ചില പൊടിക്കൈകളുണ്ട്. കാലിന് പിടിത്തം കിട്ടാൻ പ്രത്യേകം പടി, റബർ ഷീറ്റുകൾ എന്നിവയാണ് ഉപയോഗിച്ചു വരുന്നത്. നടുപടിക്കും ഇരിക്കുന്ന പടിക്കും ഇടയിൽ ചൂളമരം വച്ച് ഇരുപ്പ് ഉറപ്പിക്കുന്ന പതിവുമുണ്ട്.

മെനു നന്നായി മിനുങ്ങി

ഒരു നേരത്തെ പരിശീലനം കഴിഞ്ഞെത്തുന്ന തുഴക്കാർക്കായി കരക്കാർ പിരിവിട്ട് കപ്പയോ ചോറോ മീൻകറിയോ നൽകിയിരുന്ന മെനു പരിഷ്കരിക്കപ്പെട്ടിട്ട് കാലമേറെയായി. ഓട്ട്സിൽ തുടങ്ങി മുട്ട, ബദാം, പാൽ, ഏത്തപ്പഴം പുഴുങ്ങിയത്, റോബസ്റ്റ പഴം, നാരങ്ങാവെള്ളം, കടല പുഴുങ്ങിയത്, ചോറ്, ചപ്പാത്തി, ചിക്കൻ, ബീഫ് എന്നിങ്ങനെയാണിപ്പോൾ ഭക്ഷണക്രമം.

(നാളെ: ഫാൻസ് ക്ലബ്ബും ആവേശക്കരയും)