 
അമ്പലപ്പുഴ : മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് കടലിൽ വീണ തൊഴിലാളികളെ കോസ്റ്റൽ പൊലീസും മറ്റ് മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. വള്ളവും വലയും മറ്റ് ഉപകരണങ്ങളും നശിച്ചു. ഒരു തൊഴിലാളിക്ക് പരിക്കേറ്റു. പരിക്കേറ്റ കോമന പുതുവലിൽ അനീഷിനെ (24) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 8 ഓടെ അമ്പലപ്പുഴ പടിഞ്ഞാറ് നിന്ന് 3 നോട്ടിക്കൽ മൈൽ ദൂരത്തായിരുന്നു അപകടം. കോമന പുതുവൽ അനിയൻകുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള 'കട്ടക്കുഴി' എന്ന ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് 13 തൊഴിലാളികൾ വള്ളത്തിൽ ഉണ്ടായിരുന്നു. രാവിലെ 6ഓടെ കടലിൽ പോയി പിടിച്ച മത്സ്യം കാരിയർ വള്ളത്തിൽ തീരത്തേക്ക് കൊടുത്തു വിട്ട ശേഷം വീണ്ടും മത്സ്യ ബന്ധനം നടത്തുന്നതിനിടെയാണ് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞത്.ഇതോടെ വലയിലുണ്ടായിരുന്ന മത്തിയും നഷ്ടപ്പെട്ടു. ഒരു ലക്ഷം രൂപയുടെ വല ഉപയോഗ ശൂന്യമായി. വള്ളത്തിന്റെ പല ഭാഗങ്ങളും പൊട്ടിത്തകർന്നു. 2 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു.