അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അറവുകാട് പട്ടികജാതി കോളനിയിൽ തെരുവുനായയുടെ ആക്രമത്തിൽ അഞ്ചുപേർക്ക് കടിയേറ്റു. കുഞ്ഞുമോൾ, മഹിദ, പ്രസാന്ത്, ചെല്ലമ്മ, മഹീന്ദ്രൻ എന്നിവരെയാണ് നായ കടിച്ചത്. രാവിലെ 9 ഓടെ ആയിരുന്നു ആക്രമണം. നായപിടിത്തക്കാരുടെ സഹായത്തോടെ നായയെ പിടികൂടി പുന്നപ്ര മൃഗാശുപത്രിയിലേക്കു മാറ്റി. ഇതിന് പേ വിഷബാധ സ്ഥിരീകരിച്ചിട്ടില്ല.

സമീപത്തെ റേഷൻ കടയിലേക്കു പോകവേയാണ് അഞ്ചു പേരെയും നായ കടിച്ചത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് കോളനി അസോസിയേഷൻ പ്രസിഡന്റ് ദിനേശൻ പറഞ്ഞു.