ഹരിപ്പാട്: സമഗ്ര ശിക്ഷാ ഹരിപ്പാട് ബി.ആർ.സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള ഓണാഘോഷ പരിപാടി ചങ്ങാതി കൂട്ടം സംഘടിപ്പിച്ചു . അത്തച്ചമയ വിളംബര ഘോഷയാത്ര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കൃഷ്ണകുമാർ ഫ്ലാഗ് ഒഫ് ചെയ്തു . മഹാബലി, വാമനൻ, മഹാവിഷ്ണു എന്നീ വേഷങ്ങളിൽ അണിനിരന്ന കുട്ടികളുടെ വിളംബര ജാഥ നഗരം ചുറ്റി ബി.ആർ.സിയിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം സംവിധായകൻ വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ്. താഹ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ ജൂലി എസ് ബിനു സ്വാഗതം പറഞ്ഞു . കുട്ടികൾക്കുള്ള ഓണക്കോടി വിതരണം ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് നിർവഹിച്ചു. വാർഡ് കൗൺസിലർ അനസ്. എ. നസിം, ചേപ്പാട് ഗ്രാമ പഞ്ചയത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ഗീത, ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡി.എം രജനീഷ്, രത്നൻ സാർ ഫൗണ്ടേഷൻ ചെയർമാൻ ഹരീഷ് ബാബു,ബി.ആർ.സി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.