 
മാന്നാർ : വഴിയോരക്കച്ചവടത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തിലൊരു വിഹിതം പ്രാവുകൾക്കും തെരുവു നായകൾക്കും അന്നമൂട്ടാൻ മാറ്റിവയ്ക്കുകയാണ് റഫീഖെന്ന 37കാരൻ. ദിവസവും ഉച്ച കഴിയുമ്പോൾ മാന്നാർ ടൗണിൽ മാർക്കറ്റ് ജംഗ്‌ഷന് സമീപം വൈദ്യുതി കമ്പികളിലും കെട്ടിടങ്ങളുടെ മുകളിലുമായി 15ഓളം പ്രാവുകൾ തമ്പടിക്കും. റഫീഖ് ഒന്ന് ചൂളം വിളിച്ചാൽ ഇവരോരുത്തരും മത്സരിച്ച് പറന്നെത്തും. റഫീഖ് വിതറുന്ന കപ്പലണ്ടി കൊത്തിയെടുക്കാനാണ് ഈ വരവ്. മാന്നാർ കുരട്ടിശ്ശേരി കുന്നേൽ പരേതരായ അബ്ദുൾറഹ്‌മാന്റേയും മറിയംബീവിയുടെയും മകനായ റഫീഖ് പ്രാവുകൾക്ക് അന്നം നൽകാൻ തുടങ്ങിയിട്ട് എട്ടുവർഷത്തിലധികമായി.
മാന്നാർ മാർക്കറ്റ് ജംഗ്‌ഷനിൽ പഴയ ആയുർവേദ ഡിസ്പെൻസറിയുടെ മതിലിനോട് ചേർത്തിട്ടിരിക്കുന്ന നാലുചക്ര വണ്ടിയിലാണ് റഫീഖ് നാരങ്ങയും പഴവർഗ്ഗങ്ങളും കച്ചവടം ചെയ്യുന്നത്. മുമ്പ് മത്സ്യ-മാംസ കച്ചവട മേഖലകളിൽ സഹായി ആയിരുന്നു. പതിനഞ്ചു വർഷത്തോളമായി നാരങ്ങ, പഴവർഗ കച്ചവടം ചെയ്തു വരികയാണ്. ആദ്യ നാളുകളിൽ ഗോതമ്പും അരിയുമാണ് പ്രാവുകൾക്ക് വാങ്ങി നൽകിയിരുന്നത്. ഇടയ്ക്ക് തൊട്ടടുത്തുള്ള കപ്പലണ്ടി കച്ചവടക്കാരനിൽ നിന്നും വറുത്ത കപ്പലണ്ടി വാങ്ങി നൽകിയതോടെ പ്രാവുകളുടെ ഇഷ്ട ഭക്ഷണമായി ഇത് മാറി. ദിവസേന അമ്പത് രൂപയുടെ കപ്പലണ്ടി വാങ്ങി വയ്ക്കും. ഒപ്പം ഗോതമ്പും അരിയും വാങ്ങി കടയിൽ സൂക്ഷിച്ചിട്ടുണ്ട്. രാവിലെ തെരുവ് നായ്ക്കൾക്ക് ബിസ്കറ്റ് വിതരണവും റഫീഖ് നടത്തുന്നുണ്ട്.