 
# ഈ വർഷവും നിർമ്മാണം തുടങ്ങില്ല
ആലപ്പുഴ: മൊബിലിറ്റി ഹബ്ബിന്റെ നിർമ്മാണ ഘടന സംബന്ധിച്ച റിപ്പോർട്ട് ടൗൺ പ്ലാനറുടെ പരിഗണനയിലാണെങ്കിലും നഗരത്തിന്റെ സ്വപ്ന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷവും ആരംഭിക്കില്ല.
മാസങ്ങൾക്ക് മുമ്പാരംഭിച്ച വളവനാട്ടെ കെ.എസ്.ആർ.ടി.സി ഗാരേജ് നിർമ്മാണം അനന്തമായി നീളുകയാണ്. അടുത്ത ജനുവരിയോടെ ഗാരേജ് പ്രവർത്തന സജ്ജമായ ശേഷം ഹബ്ബിന്റെ നിർമ്മാണത്തിന് വീണ്ടും ടെൻഡർ ക്ഷണിക്കുമെന്നും പിന്നീടിു മാത്രമേ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കുകയുള്ളൂവെന്നും നിർമ്മാണ ചുമതലയുള്ള ഇൻകൽ വ്യക്തമാക്കി.
ഹബ്ബ് നിർമ്മാണത്തിന് മുന്നോടിയായുള്ള ഭാരപരിശോധനകൾ കഴിഞ്ഞ മാർച്ച് 14ന് പൂർത്തിയായതാണ്. കനാൽ ഹെറിറ്റേജ് കമ്മിറ്റിയുടെ അനുകൂല റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നിർമ്മിതികളുടെ സ്‌കെച്ചിന് നഗരസഭയിൽ നിന്ന് അനുമതി ലഭിക്കൂ.
വളവനാട് ഹൗസിംഗ് ബോർഡിന്റെ സ്ഥലത്താണ് കെ.എസ്.ആർ.ടി.സി ഗാരേജിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. ഗാരേജ് പ്രവർത്തനം ആരംഭിച്ചാൽ ബസുകൾക്ക് വന്നുപോകാൻ മാത്രമാകും ഇപ്പോഴത്തെ ബസ് സ്റ്റാൻഡ് ഉപയോഗിക്കുക. ബസുകൾ സൂക്ഷിക്കുന്നതും അറ്റകുറ്റപ്പണികളും പൂർണമായും വളവനാടാകും നടക്കുക. ഹബ്ബ് പദ്ധതിയിൽ ഏറ്റവും കൂടുതൽ സമയം വേണ്ടിവരിക കെ.എസ്.ആർ.ടി.സിയുടെ കെട്ടിട സമുച്ചയത്തിനാകും. കമ്മിറ്റി ചേരാനും തീരുമാനങ്ങൾ കൈക്കൊള്ളാനും വരുന്ന കാലതാമസം പദ്ധതി പൂർത്തീകരണത്തെ പ്രതികൂലമായി ബാധിക്കുകയാണ്.
# 493 കോടിയുടെ പദ്ധതി
ഹബ്ബിന്റെ നിർമ്മാണത്തിനായി 493 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബസ്, ബോട്ട് സർവീസുകൾ കൂട്ടിയോജിപ്പിച്ചുള്ള പദ്ധതി ആലപ്പുഴ നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന പ്രതീക്ഷയോടെ ജനം കാത്തിരിപ്പ് ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. ഹബ്ബ് വരുമെന്ന പ്രതീക്ഷയിൽ കെ.എസ്.ആർ.ടി.സി കെട്ടിടത്തിൽ യാതൊരു അറ്റകുറ്റപ്പണികളും ചെയ്യുന്നുമില്ല. ഷോപ്പിംഗ് കോംപ്ലക്‌സും എക്‌സിബിഷൻ കേന്ദ്രവും യാത്രക്കാർക്ക് വിശ്രമത്തിനുള്ള സൗകര്യവുമടക്കമാണ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
പദ്ധതി ആരംഭിക്കുവാൻ കാലതാമസമുണ്ടാവും. അടുത്ത ജനുവരിയോടെ മാത്രമേ ഗാരേജ് പൂർണമായും പ്രവർത്തിപ്പിക്കാനാവൂ. പിന്നീട് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണമാരംഭിക്കും
ജേക്കബ്, പ്രോജക്ട് മാനേജർ, ഇൻകെൽ