ആലപ്പുഴ: പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറാതെ കൂട്ടിയിട്ട് കത്തിച്ചയാൾക്ക് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ പരിപാലന ബൈല പ്രകാരം 10,000 രൂപ പിഴചുമത്തി.
തണ്ണീർമുക്കം 18-ാം വാർഡ് പുത്തൻപുരയ്ക്കൽ ജോസഫാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകർമ്മസേനാംഗങ്ങളുടെ മുന്നിൽ വച്ച് വെല്ലുവിളിയോടെ ഇവ കൂട്ടിയിട്ട് കത്തിച്ചത്.
സമീപ വീടുകളിൽ താമസിക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾക്കടക്കം ദോഷകരമാകുന്ന പ്രവൃത്തി കുറ്റകരമാന്നെന്ന് ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും കത്തിക്കൽ തുടർന്ന സാഹചര്യത്തിലാണ് പിഴ ചുമത്തിയത്.
പഞ്ചായത്ത് ഹരിതകർമ്മസേന വിഴി പ്ലാസ്റ്റിക്മാലിന്യശേഖരണം 100 ശതമാനത്തിലേക്ക് എത്തവേ ഇത്തരത്തിൽ ചട്ടവിരുദ്ധമായി മാലിന്യം കൈകാര്യം ചെയ്യുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് പ്രദേശത്ത് നിരോധിക്കപ്പെട്ട കാരി ബാഗ് അടക്കമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നവർക്കെതിരെ ബൈല പ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സെക്രട്ടറി അറിയിച്ചു.