 
മാന്നാർ: മാന്നാർ ജനസംസ്കൃതിയുടെ ആഭിമുഖ്യത്തിൽ എം.ദേവരാജൻ നായർ അനുസ്മരണം, അവാർഡ് സമർപ്പണം ആദരിക്കൽ, ഓണാഘോഷം എന്നിവ സെപ്തംബർ മൂന്നിന് വൈകിട്ട് അഞ്ചിന് നായർ സമാജം ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈദ്യശാസ്ത്ര രംഗത്തെ സാമൂഹ്യ ഇടപെടലുകൾ പരിഗണിച്ച് മാന്നാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സാബു സുഗതനാണ് ജനസംസ്കൃതി അവാർഡ് ലഭിച്ചത്.
സമ്മേളന ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിക്കും. ജനസംസ്കൃതി പ്രസിഡന്റ് തോട്ടത്തിലേത്ത് രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. കേരള ഗവ. ചീഫ് വിപ്പ് എൻ.ജയരാജ് മുഖ്യപ്രഭാഷണവും അവാർഡ് സമർപ്പണവും നടത്തും. ഫോക്ക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ ഓണസന്ദേശം നൽകും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോ.ഹർഷ വിശ്വനാഥ് (വിദ്യാഭ്യാസം), ഹരികുമാർ മാന്നാർ (പക്ഷിനിരീക്ഷണം), കെ.എ. കരീം (സേവനം), കൃഷ്ണകുമാർ (കാർഷികം) എന്നിവരെയും എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജനസംസ്കൃതി കുടുംബാംഗങ്ങളിലെ കുട്ടികളെയും ചടങ്ങിൽ ആദരിക്കും. തോട്ടത്തിലേത്ത് രാമചന്ദ്രൻ നായർ, പി.എൻ. ശെൽവരാജൻ, ഡോ.വി.പ്രകാശ്, വി.ഹരികൃഷ്ണൻ, ജി.വേണുകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.