
ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി എൻ.ടി.ബി.ആർ സൊസൈറ്റിയും പബ്ലിസിറ്റി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രോഫി ടൂറും സഞ്ചരിക്കുന്ന ഫോട്ടോ എക്‌സിബിഷനും ഇന്ന് തുടങ്ങും. രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസിൽ പര്യടനം ഫ്‌ളാഗ് ഓഫ് ചെയ്യും. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് നെഹ്രു ട്രോഫിയുടെ മാതൃക സ്ഥാപിച്ച് ട്രോഫി ടൂർ സംഘടിപ്പിച്ചിരിക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മൊബൈൽ എക്‌സിബിഷൻ യൂണിറ്റിലാണ് സഞ്ചരിക്കുന്ന ഫോട്ടോ പ്രദർശനം.
ഈ വാഹനങ്ങൾക്കൊപ്പം നാടൻ പാട്ടു കലാകാരൻമാരും ഉൾപ്പെടുന്നതാണ് പര്യടന സംഘം. വിവിധ കേന്ദ്രങ്ങളിൽ വള്ളംകളി ക്ലബുകളുടെയും കായിക സംഘടനകളുടെയും നേതൃത്വത്തിൽ പര്യടനത്തിന് സ്വീകരണം നൽകും. നാളെ വൈകുന്നേരം ആലപ്പുഴ ബീച്ചിൽ ഫോട്ടോ എക്‌സിബിഷന്റെ സമാപനത്തോടനുബന്ധിച്ച് തൃശൂർ മുണ്ടത്തിക്കോട് രാഗദീപം അവതരിപ്പിക്കുന്ന മേജർ സെറ്റ് ബാൻഡ് മേളം നടക്കും. ആർ.ഡി. ഓഫീസിൽ നിന്നും ആരംഭിച്ച് ശവക്കോട്ട പാലം, പാതിരപ്പള്ളി, കലവൂർ, എസ്.എൻ. കോളേജ്, കണിച്ചുകുളങ്ങര, സെന്റ് മൈക്കിൾസ് കോളജ്, ചേർത്തല, തണ്ണീർമുക്കം ബണ്ട്, പുത്തനങ്ങാടി, മുഹമ്മ ജംഗ്ഷൻ, കാവുങ്കൽ, മണ്ണഞ്ചേരി, തമ്പകച്ചുവട്, കോമളപുരം, പുന്നമട ജെട്ടി, ഫിനിഷിംഗ് പോയിന്റ് എന്നിവിടങ്ങളിലാണ് ആദ്യ ദിനത്തിലെ പര്യടനം.