ഹരിപ്പാട്. ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്കന്ദൻ എന്ന ആന ഒന്നാം പാപ്പാനെ കുത്തി പരിക്കേൽപ്പിച്ചു. അമ്പലപ്പുഴ സ്വദേശിയായ ഗോപകുമാറി​നാണ് (45) കുത്തേറ്റത് . ആന്തരി​കാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ ഗോപകുമാറി​നെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മദപ്പാടിനെ തുടർന്ന് തളച്ചിരുന്ന ആനയെ ഇന്ന് അഴിക്കാനി​രിക്കേയാണ് സംഭവം. ആനത്തറി വൃത്തിയാക്കുന്നതിനിടയിൽ ആന പാപ്പാനെ കുത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ബഹളം വെച്ച് ആനയുടെ ശ്രദ്ധ മാറ്റിയതിനു ശേഷമാണ് ഗോപകുമാറിനെ പുറത്തേക്ക് മാറ്റി​യത്.