ന്യൂഡൽഹി: ഇ.ഡി ഡയറക്ടറായ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടുന്നത് ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. താൻ കഴിഞ്ഞ വർഷം ഹർജി നൽകിയതാണെന്നും അതിനാൽ പ്രധാന ഹർജിക്കാരൻ താനായിരിക്കണമെന്നും അഭിഭാഷകനും ഹർജിക്കാരനുമായ എം.എൽ. ശർമ്മ ആവശ്യപ്പെട്ടു. തുടർന്ന് ഹർജികൾ ഫയൽ ചെയ്തത് യഥാക്രമം ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് രജിസ്ട്രിയോട് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ രൺദീപ് സിംഗ് സുർജേവാല, ജയ താക്കൂർ, ടി.എം.സി നേതാവ് മഹുവ മൊയ്‌ത്ര എന്നിവരാണ് മറ്റ് ഹർജിക്കാർ. ഇ.ഡി ഡയറക്ടറായി കാലാവധി നീട്ടിക്കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം സുപ്രീംകോടതി ശരിവച്ചിരുന്നു. എന്നാൽ, കാലാവധി വീണ്ടും കൂട്ടി നൽകാനാവില്ലെന്ന് 2021 സെപ്തംബർ എട്ടിന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.