mineral-issues

ന്യൂഡൽഹി: ധാതു ഖനനത്തിൽ സ്വകാര്യമേഖലയ്‌ക്ക് അവസരം നൽകാനുള്ള നിയമഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രി പി. രാജീവ് കേന്ദ്ര കൽക്കരി, ഖനി വകുപ്പ്‌ മന്ത്രി പ്രഹ്ളാദ്‌ ജോഷിക്ക്‌ നിവേദനം നൽകി. കേന്ദ്ര ധനമന്ത്രി കെ.എൻ. ബാലഗോപാൽ, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, എളമരം കരീം എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സാന്നിഹിതനായിരുന്നു. വിഷയം സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യുമെന്നും തീരദേശ എം.പിമാരുടെ യോഗം വിളിക്കുമെന്നും പ്രൾഹാദ് ജോഷി അറിയിച്ചു.

കേന്ദ്രസർക്കാർ നീക്കം സംസ്ഥാനങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണെന്ന് പി. രാജീവ്‌ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനങ്ങളിലെ ഖനികളുടെയും ധാതുക്കളുടെയും ഉടമസ്ഥാവകാശം അതത് സർക്കാരുകൾക്കാണ്. പൊതുതാത്‌പര്യം മുൻനിറുത്തി നിയന്ത്രണം ഏർപ്പെടുത്താനുള്ള അവകാശം മാത്രമാണ് കേന്ദ്രത്തിനുള്ളത്. നിലവിലെ നിയമത്തിൽ ബി ലിസ്‌റ്റിൽ ഉൾപ്പെടുന്ന പ്രധാന ധാതുക്കളെ പുതിയ ലിസ്‌റ്റിലേക്ക്‌ മാറ്റിയതോടെ പൂർണമായി സ്വകാര്യമേഖലയ്‌ക്ക്‌ ലേലം ചെയ്യുന്നതിന് സാഹചര്യമൊരുങ്ങും. ആണവോർജ്ജവുമായി ബന്ധപ്പെട്ട ധാതുക്കളും ഇതിലുൾപ്പെടുന്നത് രാജ്യസുരക്ഷയെയും ബാധിക്കും. ഐ.ആർ.ഇ, കെ.എം.എം.എൽ തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളെയും തകർക്കും.

ക്യാപ്ഷൻ: ധാതുഖനനവുമായി ബന്ധപ്പെട്ട പുതിയ നിയമഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രിമാരായ പി.രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവർ കേന്ദ്ര ഖനിമന്ത്രി പ്രൾഹാദ് ജോഷിക്ക് നിവേദനം നൽകുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, എളമരം കരീം എന്നിവർ സമീപം