
ന്യൂഡൽഹി: ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിറുത്തിയിട്ട ഇൻഡിഗോ വിമാനത്തിനു നേരെ നിയന്ത്രണം വിട്ട കാർ പാഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി. വിമാനജീവനക്കാരെ കയറ്റാൻ ഉപയോഗിക്കുന്ന ഗോ ഫസ്റ്റ് വിമാന കമ്പനി വക ഫെറി കാറാണ് വിമാനത്തിന്റെ മുൻഭാഗത്തെ ടയറിനെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ചെന്നു നിന്നത്.
ഇന്നലെ രാവിലെ വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ നിന്ന് വിമാനം പാട്‌നയിലേക്ക് പുറപ്പെടാനായി നിന്നപ്പോഴായിരുന്നു സംഭവം. വിമാനത്തിന് കുഴപ്പമൊന്നും സംഭവിക്കാത്തതിനാൽ സർവീസ് മുടങ്ങിയില്ല. കാർ ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ക്ഷീണം കാരണം നിയന്ത്രണം വിട്ടതാകാമെന്നാണ് നിഗമനം. സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് അന്വേഷണം തുടങ്ങി.