editorial

ന്യൂഡൽഹി:തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങളും ജനപ്രിയ പദ്ധതികളും വാഗ്ദാനം ചെയ്യുന്നത് സാമ്പത്തിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെ വിലക്കുന്നത് പഠിക്കാൻ കോടതി ഒരു സമിതി രൂപീകരിക്കാമെന്നും ഇതിന്റെ ഘടന, പരിഗണനാ വിഷയങ്ങൾ എന്നിവയെ കുറിച്ച് ഒരാഴ്ച്ചയ്ക്കകം എല്ലാ കക്ഷികളും നിർദ്ദേശങ്ങൾ നൽകാനും സുപ്രീം കോടതി നിർദ്ദേശിച്ചു.

സാമ്പത്തിക മേഖലയെ ദോഷമായി ബാധിക്കുന്ന പ്രഖ്യാപനങ്ങൾ തടയാനുള്ള ശുപാർശകൾ സമിതി തയ്യാറാക്കും. നീതി ആയോഗ്, ധനകാര്യ കമ്മീഷൻ, റിസർവ്വ് ബാങ്ക്, പ്രതിപക്ഷ പ്രതിനിധികൾ എന്നിവരുൾപ്പെടുന്നതാകും സമിതിയെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് സൗജന്യങ്ങൾ വാഗ്ദാനം നൽകുന്ന രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനികുമാർ ഉപാദ്ധ്യായ നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പിന് മുമ്പ് സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണമെന്ന് സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും സൗജന്യ വാഗ്ദാനങ്ങളിൽ നിന്ന് പ്രയോജനം നേടുന്നവരാണ്. ആരുടെയും പേര് പറയുന്നില്ല - ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പാർലമെന്റാണ് തീരുമാനം എടുക്കേണ്ടതെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഒരു പാർട്ടിയും സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് തടയാൻ ഇടപെടില്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കപിൽ സിബലിനോടും നിർദ്ദേശം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ആഗസ്റ്റ് 8 ന് കേസ് വീണ്ടും പരിഗണിക്കും.