
ന്യൂഡൽഹി: തിരുവനന്തപുരം പേപ്പാറ,നെയ്യാർ പരിസ്ഥിതി മേഖലയ്‌ക്ക് സമീപം അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് 1.92 ഹെക്ടർ പ്രദേശത്ത് ഗ്രാനൈറ്റ് ഖനനാനുമതി നൽകിയത് കേരള സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി അശ്വനി കുമാർ ചൗബെ ലോക്‌സഭയിൽ പറഞ്ഞു.
2021 സെപ്‌തംബർ 9നാണ് ദേശീയ വന്യജീവി ബോർഡ് സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ആദ്യം പരിഗണിച്ചത്.പിന്നീട് ഇതേ കമ്മിറ്റിയുടെ 68-ാമത് യോഗത്തിൽ ചില നിബന്ധനകൾക്ക് വിധേയമായി അനുമതിക്ക് ശുപാർശ നൽകിയെന്നും മന്ത്രി അറിയിച്ചു.പരിസ്ഥിതി സംബന്ധിച്ച വിഷയങ്ങളിൽ ആശങ്കകൾ നിലനിൽക്കെ കോർപറേറ്റ് ഭീമൻ അദാനിയുടെ മുന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഴങ്ങിയത് ലജ്ജാകരമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ചൂണ്ടിക്കാട്ടി.