data

ന്യൂഡൽഹി: സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം വ്യക്തിവിവരങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാനും ഡേറ്റ സംരക്ഷണ അതോറിട്ടി രൂപീകരിക്കാനും വ്യവസ്ഥ ചെയ്യുന്ന ഡേറ്റ സംരക്ഷണ ഭേദഗതി ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ നിന്ന് പിൻവലിച്ചു. സംയുക്ത പാർലമെന്ററി സമിതി 81 ഭേദഗതികളും 12 ശുപാർശകളും നിർദ്ദേശിച്ച സാഹചര്യത്തിലാണ് ഇന്നലെ ഐ.ടി മന്ത്രി അശ്വനി വൈഷ‌്‌ണവ് പ്രത്യേക പ്രമേയത്തിലൂടെ ബിൽ പിൻവലിച്ചത്. ഭേദഗതികൾ വരുത്തിയ ബിൽ വീണ്ടും അവതരിപ്പിക്കും.

വ്യക്തികളുടെ ബയോമെട്രിക് വിവരം, സാമ്പത്തിക വിവരം, തിരിച്ചറിയൽ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിയന്ത്രണം കൊണ്ടുവരാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. ട്വിറ്റർ, ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ ബഹുരാഷ്‌ട്ര കുത്തക മാദ്ധ്യമ സ്ഥാപനങ്ങൾക്ക് കുരുക്കാകുന്ന വ്യവസ്ഥകളുള്ളതിനാൽ ബിൽ ഏറെ ചർച്ചയാകുകയും ചെയ്‌തു. ബഹുരാഷ്‌ട്ര കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ ബിൽ പിൻവലിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.

2019ൽ പാർലമെന്റിൽ അവതരിപ്പിച്ച ബില്ല് എതിർപ്പുയർന്നതിനെ തുടർന്ന് സംയുക്ത പാർലമെന്ററി സമിതിക്ക് വിടുകയും സമിതി 2021 ഡിസംബറിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തിരുന്നു.