ന്യൂഡൽഹി: അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടി എടുക്കുമ്പോൾ മുൻകൂർ നോട്ടീസ് നൽകാതെ ബുൾഡോസറുകളുമായെത്തി ആളുകളെ ഒഴിപ്പിക്കരുതെന്ന് ഡൽഹി ഹൈക്കോടതി ഡൽഹി വികസന അതോറിറ്റിയോട് നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം മുൻകൂർ നോട്ടീസ് നൽകാതെ തങ്ങളുടെ 300ലധികം ചേരികൾ പൊളിച്ച് നീക്കിയെന്ന് ഷകർപൂർ ചേരി യൂണിയൻ നൽകിയ ഹർജി പരിഗണിക്കവെയാണ് ജഡ്ജി സുബ്രഹ്മണ്യം പ്രസാദിന്റെ നിർദ്ദേശം. ഒഴിപ്പിക്കപ്പെടുന്നവർക്ക് ബദൽ താമസ സൗകര്യം ഒരുക്കാൻ സമയം അനുവദിക്കണം. ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്മെന്റ് ബോർഡുമായി കൂടി ആലോചന നടത്തി മാത്രമെ ചേരികൾ പൊളിക്കാവു എന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഷകർപൂർ ചേരിയിൽ തൽസ്ഥിതി തുടരാൻ ഉത്തരവിടണമെന്ന് ആവശ്യപെട്ട് നൽകിയ യൂണിയന്റെ ഹർജിയിൽ വാദം തുടരും.