phh
f

 ഡൽഹിയിൽ നാടകീയ രംഗങ്ങൾ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ യംഗ് ഇന്ത്യ ഒാഫീസ് സീൽ ചെയ്‌തതിന് പിന്നാലെ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വസതിക്കു മുന്നിലും കോൺഗ്രസ് പാർട്ടി ആസ്ഥാനത്തും പൊലീസ് തമ്പടിച്ചത് ഡൽഹിയിൽ നാടകീയ രംഗങ്ങൾക്ക് വഴി തെളിച്ചു.

സോണിയയെ അറസ്റ്റു ചെയ്യുമെന്ന അഭ്യൂഹം പരന്നതോടെ കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി. രാത്രി ഏഴരയോടെ പൊലീസ് സ്ഥലത്തുനിന്ന് പിൻമാറിയതോടെയാണ് പ്രവർത്തകർക്ക് ആശ്വാസമായത്.

കേസുമായി ബന്ധപ്പെട്ട്

ചൊവ്വാഴ്ച നടത്തിയ റെയ്ഡിന് പിന്നാലെ ഇന്നലെ ഉച്ചയ‌്‌ക്കു ശേഷമാണ് ഇ.ഡി സംഘം ഡൽഹി ഐ.ടി.ഒയിലെ ബഹാദൂർ ഷാ സഫർ റോഡിലെ ഹെറാൾഡ് ഹൗസ് കെട്ടിടത്തിലെത്തിയത്. ഇവിടെയുള്ള യംഗ് ഇന്ത്യ ഒാഫീസിൽ റെയ്ഡ് ചെയ്യുകയായിരുന്നു ലക്ഷ്യം.പുറത്തു നിന്ന് പൂട്ടിയിരുന്നതിനാലും ആളില്ലാത്തതിനാലും ഒാഫീസ് സീൽ ചെയ്യുകയാണെന്ന് ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു.

വിവരം വൈകിട്ട് പുറത്തറിഞ്ഞതോടെ,

കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് അക്ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തേക്ക് നീങ്ങി. അപ്പോഴേക്കും അക്ബർ റോഡിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന എ.ഐ.സി.സി ഒാഫീസിന് മുന്നിലും സോണിയയുടെ വസതിക്കു മുന്നിലും രണ്ടുകിലോമീറ്റർ മാറി രാഹുൽ ഗാന്ധിയുടെ വസതിക്കു മുന്നിലും വൻതോതിൽ പൊലീസിനെ വിന്യസിച്ചിരുന്നു. യംഗ് ഇന്ത്യ കമ്പനിയുടെ ഡയറക്‌ടർമാരായ സോണിയയെയും രാഹുലിനെയും അറസ്റ്റു ചെയ്യാനാണെന്ന അഭ്യൂഹം പരന്നു.

എ.ഐ.സി.സി ആസ്ഥാനത്തേക്ക് പാഞ്ഞെത്തിയ മുതിർന്ന നേതാക്കളായ മല്ലികാർജ്ജുന ഖാർഗെ, പി. ചിദംബരം, സൽമാൻ ഖർഷിദ്, ദിഗ്‌വിജയ് സിംഗ്, ജയ്‌റാം രമേശ് തുടങ്ങിയവർ സ്ഥിതിഗതികൾ വിലയിരുത്തി. സോണിയ വസതിയിലുണ്ടായിരുന്നു. രാഹുൽ കർണടകത്തിലായിരുന്നു.

സംഘർഷം ഉണ്ടാവുമെന്ന് തിരിച്ചറിഞ്ഞ പൊലീസ്

അറസ്റ്റ് അഭ്യൂഹം നിഷേധിച്ചു.

ആഗസ്റ്റ് അഞ്ചിന് കോൺഗ്രസ് നടത്താൻ തീരുമാനിച്ച പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത് തമ്പടിക്കുമെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസിനെ വിന്ന്യസിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. വൈകിട്ട് ഏഴരയോടെ പൊലീസിനെ പിൻവലിക്കുകയും ചെയ്‌തു. ആഗസ്റ്റ് അഞ്ചിനുള്ള പ്രക്ഷോഭ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.

പാർട്ടി ആസ്ഥാനം പൊലീസ് താവളമാക്കി കോൺഗ്രസിനെ ആക്രമിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്ന് എ.ഐ.സി.സി നേതാവ് അജയ് മാക്കൻ പ്രതികരിച്ചു.

പൊലീസ് പാർട്ടി ആസ്ഥാനത്തെത്തിയതിൽ ദുരൂഹതയുണ്ടെന്ന് പാർട്ടി കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയും മുതിർന്ന നേതാവുമായ ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി.