ന്യൂഡൽഹി:ജീവനക്കാരുടെ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇ.പി.എഫ്.ഒ സമർപ്പിച്ച പുന:പരിശോധനാ ഹർജിയിൽ ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിൽ ഇന്നലെയും വാദം നടന്നു. ഇ.പി.എഫ് പെൻഷൻ ഭേദഗതി നിലവിലുള്ള അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന നിഗമനത്തിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചെന്ന ഇ.പി.എഫ്.ഒയുടെ നിലപാട് ,കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അഭിഷേക് ബാനർജിയും ആവർത്തിച്ചു..

ഇ.പി.എഫ്.എസിനെ ഒ ഏകീകൃത വിഭാഗമായി കണക്കാക്കുന്നതിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഹൈക്കോടതികളുടെ വിധി നടപ്പിലാക്കിയാൽ ഇ.പി.എഫ്.എസിന് 15.28 ലക്ഷം കോടിയുടെ കമ്മിയുണ്ടാകുമെന്നും, പെൻഷൻ പദ്ധതി തന്നെ താളം തെറ്റുമെന്നും ഇ.പി.എഫ്.ഒ വ്യക്തമാക്കിയിരുന്നു. 2014 സെപ്തം. ഒന്ന് മുതൽ ഇ.പി.എഫ്.എസ് അംഗത്വം പി.എഫ്. പദ്ധതിയിലെ നിർബന്ധിത അംഗങ്ങൾക്ക് മാത്രമാക്കിയതിനെതിരായ ഹൈക്കോടതി വിധികളിൽ മുഴുവൻ അംഗങ്ങൾക്കും പെൻഷൻ ലഭ്യമാക്കണമെന്ന് പറയുന്നത് പദ്ധതിയുടെ ലക്ഷ്യം തന്നെ ഇല്ലാതാക്കുമെന്നാണ് വാദം. പെൻഷൻകാരുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ വാദം ഇന്ന് നടക്കും.