ed

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുന ഖാർഗെയെ ഏഴ് മണിക്കൂറോളം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തു. പാർലമെന്റ് സമ്മേളിക്കുന്ന സമയത്ത് ഖാർഗെയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ചത് ചട്ടവിരുദ്ധമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇ.ഡി അടക്കം അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധിച്ചു.

ഇന്നലെ ഉച്ചയ്‌ക്ക് 12.30ന് ഹാജരാകാനാണ് ഇന്നലെ രാവിലെ ഖാർഗെയ്‌ക്ക് ഇ.ഡി നോട്ടീസ് ലഭിച്ചത്. ഇക്കാര്യം സൂചിപ്പിച്ച ഖാർഗെ പ്രതിപക്ഷ നേതാവായ തന്നോട് സഭ സമ്മേളിക്കുന്ന സമയത്ത് ഹാജരാകാൻ ആവശ്യപ്പെട്ടത് ശരിയാണോ എന്ന് രാജ്യസഭയിലെ ചോദ്യോത്തരവേളയിൽ ചോദിച്ചു. പാർട്ടി ഒാഫീസിലും അദ്ധ്യക്ഷ സോണിയാഗാന്ധിയുടെയും രാഹുൽ ഗാന്ധി എം.പിയുടെയും വസതിക്കു മുന്നിലും പൊലീസിനെ വിന്യസിച്ച് പരിഭ്രാന്തി സൃഷ്‌ടിച്ചതിന്റെ തുടർച്ചയാണ് നോട്ടീസ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌ത് ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുകയാണെന്നും കോൺഗ്രസ് ഭയന്ന് പിൻമാറില്ലെന്നും ഖാർഗെ പറഞ്ഞു.

ഇതിനെതിരെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സഭയിൽ പ്രതികരിച്ചതോടെ കുറച്ചു നേരം ഇരുവരും തമ്മിൽ വാഗ്വാദമുണ്ടായി. അന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തിൽ കേന്ദ്ര സർക്കാർ ഇടപെടില്ലെന്നും കോൺഗ്രസ് നേതാക്കൾ നിയമത്തിന് വിധേയരാകണമെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി. കോൺഗ്രസ് അധികാരത്തിലുള്ളപ്പോൾ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌തിരിക്കാം. തെറ്റു ചെയ്‌തവർ നടപടി നേരിടരണമെന്നതാണ് എൻ.ഡി.എ സർക്കാരിന്റെ നിലപാട്. പ്രതിഷേധത്തിന്റെ പേരിൽ പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഖാർഗെയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് 'മോദിഷാഹി'യുടെ നിലവാരം കെട്ട നടപടിയാണെന്ന് എ.ഐ.സി.സി നേതാവും എം.പിയുമായ ജയ്‌റാം രമേശ് ട്വീറ്റു ചെയ്‌തു. പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെ പ്രതിപക്ഷ നേതാവിനെ അന്വേഷണ ഏജൻസി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

കഴിഞ്ഞ ദിവസത്തെ സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ ഭാവി പരിപാടികൾ തീരുമാനിക്കാൻ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗം ഇന്നലെ പാർലമെന്റിൽ ചേർന്നിരുന്നു. തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിലും കോൺഗ്രസ് എം.പിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ലോക്‌‌സഭ രണ്ടുതവണ നിറുത്തിവച്ച ശേഷം ഉച്ചയോടെ പിരിഞ്ഞു. പൊലീസ് അനുമതി നിഷേധിച്ചെങ്കിലും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഇന്ന് നടത്താൻ നിശ്‌ചയിച്ചിട്ടുള്ള എം.പിമാരുടെ രാഷ്‌ട്രപതിഭവൻ മാർച്ചുമായി മുന്നോട്ടു പോകാനും കോൺഗ്രസ് തീരുമാനിച്ചു.

മോദിയെ ഭയമില്ല: രാഹുൽ

നാഷണൽ ഹെറാൾഡ് കേസുകാട്ടി കോൺഗ്രസിനെ വിരട്ടാമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നതെന്നും നരേന്ദ്രമോദിയെ ഭയമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സമ്മർദ്ദത്തിലാക്കി കോൺഗ്രസിനെ നിശ്ശബ്‌ദമാക്കാമെന്നാണ് മോദിയും അമിത്‌ഷായും കരുതുന്നത്. അതു നടപ്പില്ല. ജനാധിപത്യ വിരുദ്ധമായി അവർ എന്തൊക്കെ ചെയ്‌താലും ഞങ്ങൾ നിലപാടു മാറ്റില്ല. തങ്ങൾ എങ്ങോട്ടും ഒാടിപ്പോകില്ല. ജനാധിപത്യം സംരക്ഷിക്കാനും രാജ്യത്ത് ഒത്തൊരുമ സൃഷ്‌ടിക്കാനും തുടർന്നും ശ്രമിക്കുമെന്നും രാഹുൽ പറഞ്ഞു.