
ന്യൂഡൽഹി: ലാൻഡു ചെയ്‌ത വിമാനത്തിൽ നിന്നും മൂന്ന് റാമ്പുകളിലൂടെ യാത്രക്കാരെ പെട്ടെന്ന് പുറത്തിറക്കുന്ന സംവിധാനം ആദ്യമായി അവതരിപ്പിച്ച് ഇൻഡിഗോ. കോക്ക്‌പിറ്റിന് തൊട്ടു പിന്നിലുള്ള രണ്ട് വാതിലുകളിലും പിന്നിലും ഘടിപ്പിക്കുന്ന റാമ്പുകളിലൂടെ എയർബസ് 321, 320 പോലുള്ള വലിയ വിമാനങ്ങളിൽ നിന്ന് അഞ്ചു മിനിട്ടുകൊണ്ട് യാത്രക്കാരെ പുറത്തിറക്കാനാകുമെന്ന് ഇൻഡിഗോ സി.ഇ.ഒ റണോദോദ് ദത്ത പറഞ്ഞു.
കമ്പനിയുടെ 16-ാം വാർഷികത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഡൽഹി പോലുള്ള വലിയ വിമാനത്താവളങ്ങളിലും പിന്നീട് എല്ലാ ആഭ്യന്തര വിമാന സർവീസുകളിലും 45 ദിവസത്തെ ട്രയലിന് ശേഷം ഇത് നടപ്പിലാക്കും.
മൂന്നു വഴികളിലൂടെ യാത്രക്കാരെ പുറത്തിറക്കി അടുത്ത യാത്രയ്‌ക്കായി പെട്ടെന്ന് തയ്യാറെടുക്കാൻ കഴിയുന്നത് സമയലാഭമുണ്ടാക്കുമെന്നും ഇൻഡിഗോ വാദിക്കുന്നു. നിലവിൽ ലാൻഡു ചെയ്‌ത് ആളെ ഇറക്കി ഉൾവശം വൃത്തിയാക്കി അരമണിക്കൂർ സമയത്തിനുള്ളിലാണ് അടുത്ത സർവീസിനുള്ള ആളെ കയറ്റുന്നത്.