epf

ഇന്നും വാദം തുടരും

ന്യൂഡൽഹി:ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ നൽകിയാൽ എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് തന്നെ ഇല്ലാതാകുമെന്ന ഇ.പി.എഫ്.ഒ യുടെയും തൊഴിൽ മന്ത്രാലയത്തിന്റെയും വാദത്തിന് അടിസ്ഥാനമായ ആധികാര രേഖകളൊന്നുമില്ലെന്ന് പെൻഷൻകാർ സുപ്രീം കോടതിയിൽ വാദിച്ചു. ഈ വാദം മൂന്നംഗ പ്രത്യേക ബെഞ്ചും ശരിവച്ചു.

ഇ.പി.എഫ്.ഒയ്‌ക്ക് കിട്ടുന്ന പലിശ കൊണ്ട് മാത്രം പെൻഷൻ കൊടുക്കാവുന്നതേയുള്ളൂ എന്നും പെൻഷൻകാരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ആനുപാതികമായി പെൻഷൻ നൽകിയാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന വാദം ശരിയല്ല. ഇ.പി.എഫ് ഫണ്ടിൽ വ്യത്യാസമൊന്നും സംഭവിച്ചിട്ടില്ല. സാമ്പത്തിക നഷ്ടം പ്രതിഫലിപ്പിക്കുന്ന ഒരു രേഖയുമില്ല. മാത്രമല്ല ഇ.പി.എഫ്.ഒയ്‌ക്ക് പ്രതിസന്ധികളുണ്ടാക്കുന്ന റിപ്പോർട്ടുകളൊന്നും കോടതിയിൽ ഹാജരാക്കിയിട്ടില്ല. വിവിധ ഹൈക്കോടതികളിൽ വ്യത്യസ്ത റിപ്പോർട്ടുകളാണ് ഇ.പി.എഫ്.ഒ നൽകിയിട്ടുള്ളത്. അതുകൊണ്ട് പദ്ധതി നടപ്പാക്കിയാൽ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന വാദം കണക്കിലെടുക്കാനാകില്ല.

തങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അത്തരം റിപ്പോർട്ടുകൾ ഹാജരാക്കാൻ ഇ.പി.എഫ്.ഒയ്‌ക്കും തൊഴിൽ മന്ത്രാലയത്തിനും കഴിഞ്ഞില്ലെന്ന് മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഉയർന്ന ശമ്പളത്തിന് ആനുപാതികമായ പെൻഷന് കട്ട് ഓഫ് ഡേറ്റ് ഏർപ്പെടുത്തിയത് നിയമ വിരുദ്ധമാണെന്ന് പെൻഷൻകാരുടെ അഭിഭാഷകർ വാദിച്ചു. 1995 ൽ പാസാക്കിയ നിയമത്തിൽ ഇക്കാര്യം പറയുന്നില്ല. ഒരു ഭേദഗതിയിലൂടെ ഇത് പാസാക്കിയത് നിയമത്തിന്റെ അന്തസത്തയ്‌ക്ക് എതിരാണ്.

പെൻഷൻകാർക്ക് വേണ്ടി കെ.പി കൈലാസ് നാഥ് പിള്ളയും മലപ്പുറം സഹകരണ ബാങ്കിന് വേണ്ടി ജയന്ത് മുത്ത് രാജും ഹാജരായി.

ബാദ്ധ്യതാ പ്രശ്നം ഉന്നയിക്കുന്ന കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനോടും ഇ.പി.എഫ്.ഒയോടും തെളിവുണ്ടോയെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ചോദിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കേസിൽ വാദം തുടരും.