
ന്യൂഡൽഹി:ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ നൽകിയാൽ എം പ്ലോയിസ് പ്രോവിഡന്റ് ഫണ്ട് പദ്ധതി തന്നെ ഇല്ലാതാകുമെന്ന ഇ.പി.എഫ്.ഒ യുടെയും തൊഴിൽ മന്ത്രാലയത്തിന്റെയും വാദത്തിനെതിരെ സുപ്രീം കോടതി മൂന്നംഗ പ്രത്യേക ബെഞ്ച് ജീവനക്കാരുടെ വാദം കേട്ടു.
പ്രോവിഡന്റ് ഫണ്ടിന്റെ സഞ്ചിത നിധിക്ക് കുഴപ്പമില്ലെന്നും ഉയർന്ന ശമ്പളത്തിന് ആനുപാതികമായ പെൻഷന് കട്ട് ഓഫ് ഡേറ്റ് ഏർപ്പെടുത്തിയത് നിയമ വിരുദ്ധമാണെന്നും ജീവനക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ വികാസ് സിംഗ്, മീനാക്ഷി അറോറ, ഗോപാൽ ശങ്കരനാരായണൻ, ആർ. ബസന്ത് തുടങ്ങിയവർ വാദിച്ചു. എന്നാൽ ഇത് കോടതിയിൽ പെൻഷൻകാർക്ക് വേണ്ടി നടത്തിയ പഴയ വാദങ്ങൾ തന്നെയാണെന്നും പുതിയ വാദങ്ങൾ വരണമെന്നും മൂന്നംഗ പ്രത്യേക ബെഞ്ച് ചൂണ്ടിക്കാട്ടി. സാമ്പത്തിക ആഘാതം സംഭവിച്ച് ആധികാരികമായ റിപ്പോർട്ട് എവിടെയെന്ന് ഇന്നലെയും കോടതി ചോദിച്ചു. ഇന്നലെ രാവിലെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായി ഇ.പി.എഫ്.ഒ അറിയിച്ചു.
ഹർജിയിൽ ജീവനക്കാർക്ക് വേണ്ടി ഒരു മണിക്കൂർ ബുധനാഴ്ച്ച വീണ്ടും വാദം കേൾക്കും. തുടർന്ന് ഇ.പി.എഫ്.ഒയ്ക്കും, തൊഴിൽ മന്ത്രാലയത്തിനും മറുപടിക്കായി അവസരം നൽകും. ആനുപാതികമായി പെൻഷൻ നൽകിയാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന വാദം ശരിയല്ലെന്നും സാമ്പത്തിക നഷ്ടം പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള ഒരു രേഖയും ഇ.പി.എഫ്.ഒയ്ക്ക് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും വ്യാഴാഴ്ച്ച നടന്ന വാദത്തിൽ പെൻഷൻകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇ.പി.എഫ്.ഒയ്ക്ക് ലഭിക്കുന്ന പലിശ കൊണ്ട് മാത്രം പെൻഷൻ കൊടുക്കാവുന്നതേയുള്ളുവെന്ന വാദവുമുയർന്നിരുന്നു.